ernakulam local

കലക്ടര്‍ ഇടപെട്ടു; മാലിന്യം സ്വകാര്യ ഭൂമിയിലേക്ക് മാറ്റുന്നു

കളമശ്ശേരി: എച്ച്എംടി ഭൂമിയില്‍ തള്ളിയ മാലിന്യത്തിന് തീപിടിച്ച് ഉണ്ടായ വിഷപുക ജനങ്ങള്‍ക്ക് ദുരിതമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപ്പെട്ടു. പ്രളയാനന്തരം ഉണ്ടായ മാലിന്യങ്ങളും ദേശിയ പാതയില്‍ നിന്നും വാരിയ മാലിന്യവുമടക്കം എച്ച്എംടി കോളനിക്ക് സമീപം എച്ച്എംടി ക്വാര്‍ട്ടേഴ്‌സില്‍ ആണ് തള്ളിയത്. ടണ്‍ കണക്കിന് തള്ളിയ മാലിന്യത്തിന് ആരോ തീയിട്ടതോടെ മാലിന്യത്തില്‍ നിന്നും ഉയരുന്ന വിഷപ്പുക പ്രദേശവാസികളുടെ ജീവിതം ദുരിതമാക്കി. തീ ആളിപ്പടരുന്നത് തടയാന്‍ ആയെങ്കിലും തീ പൂര്‍ണയും അണക്കാന്‍ കഴിഞ്ഞില്ല. ആറ് ദിവസമായി ഉയരുന്ന വിഷപ്പുക പ്രദേശവാസികള്‍ക്ക് ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്ന് ഉറപ്പായതോടെയാണ് ജില്ലാ കലക്ടര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. തീപിടിച്ച മാലിന്യത്തിന്റെ തീയണക്കുന്ന ജോലിയും, കത്താതെ കിടക്കുന്ന മാലിന്യം മറ്റൊരു സ്വകാര്യ ഭൂമിയിലേക്കും നീക്കുന്ന ജോലി ഇന്നോടെ പൂര്‍ത്തിയാകുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. നഗരസഭയിലെ മാലിന്യം കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ അമ്പലമുകളിലെ ഭൂമിയില്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും ഉദ്യോഗസ്ഥരുടെ ഏകോപനം ഇല്ലാത്തതും നഗരസഭയിലെ ഉന്നതര്‍ അവധിയില്‍ ആയതോടെയുമാണ് മാലിന്യനീക്കം അനിശ്ചിതത്വത്തില്‍ ആയത്. കൂടാതെ ആറാം തിയ്യതി കൂടിയ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി മാലിന്യ സംസ്‌ക്കരണം സംബന്ധിച്ച് തിരുമാനം ഒന്നും എടുത്തിരുന്നില്ല. ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് നഗരസഭക്കെതിരെ നടപടിയുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ മേല്‍ നടപടികള്‍ക്കായി ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫിസര്‍ പി എന്‍ ശ്രീനിവാസന്‍ സംഭവസ്ഥലത്ത് എത്തി നഗരസഭ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയാണ് മാലിന്യ നിക്കത്തിന് നിര്‍ദ്ദേശം നല്‍കിയത്. അതേ സമയം എച്ച്എംടി ഭൂമിയില്‍ നഗരസഭ മാലിന്യം തള്ളിയത് കമ്പനിയുടെ അനുമതിയില്ലാതെയാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എന്നാല്‍ നഗരസഭ മാലിന്യം തള്ളുന്നതിന് അനുമതിയില്ലായിരുന്നു. പ്രളയ മാലിന്യം നീക്കം ചെയ്യാനുള്ള അധികാരം ജില്ലാ ഭരണകൂടത്തില്‍ നിക്ഷിപ്തമായിരിക്കെയാണ് നഗരസഭ അനധികൃതമായി മാലിന്യം തള്ളിയത്.

Next Story

RELATED STORIES

Share it