kasaragod local

കലക്ടര്‍ക്കെതിരേ പരാതി നല്‍കുമെന്ന് പഞ്ചായത്ത് ഭരണസമിതി

ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ ടൗണിലെ കുടിവെള്ള വിതരണപ്രശ്‌നവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ തീരുമാനമെടുത്ത ജില്ലാകലക്ടര്‍ക്കെതിരേ പരാതി നല്‍കുമെന്ന് ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുടിവെള്ളത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത വരിച്ച ടൗണുകളിലൊന്നാണ് ചിറ്റാരിക്കാല്‍. 20 ഏക്കറോളം വരുന്ന ടൗണില്‍ 137 കെട്ടിടങ്ങളാണുള്ളത്. ഇതില്‍ 134 എണ്ണത്തിനും ജലസമൃദ്ധിയുള്ള കുഴല്‍ കിണറുകള്‍ ഉണ്ടെന്നു പഞ്ചായത്ത് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കുടിവെള്ളം ലഭ്യമല്ലെന്ന് പറഞ്ഞ് നാളിതുവരെയായും ഒരാള്‍ പോലും പഞ്ചായത്ത് ഓഫിസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. ബസ് സ്റ്റാന്റ്് നിര്‍മാണവുമായി ബന്ധപ്പെട്ട് കിണര്‍ നിലനില്‍ക്കുന്ന സ്ഥലം മാലിന്യം തള്ളാന്‍ സാധ്യതയുള്ളതിനാല്‍ പത്തടി ഉയരത്തില്‍ കെട്ടി നിര്‍ത്തി അതിനെ സംരക്ഷിക്കുകയാണ് ചെയ്തത്. കിണറിലേയ്ക്കുള്ള ത്രീഫേസ് ലൈ ന്‍ ബസ് വേയിലൂടെ ആയതിനാല്‍ അപകടസാധ്യത ഒഴിവാക്കാന്‍ ലൈന്‍ വിച്ഛേദിച്ചു. ബസ് സ്റ്റാന്റ് കെട്ടി ഉയര്‍ത്തിയപ്പോള്‍ ജലസ്രോതസും പമ്പ് ഹൗസും പത്തടി താഴ്ന്നു നില്‍ക്കുന്ന അവസ്ഥയായി. ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ സാധ്യതയുള്ളതിനാലും ജലസ്രോതസ് കെട്ടി ഉയര്‍ത്തി സംരക്ഷിക്കേണ്ടിവന്നതിനാലും പത്തടി ആഴത്തില്‍ ഇരുന്ന പമ്പ് ഹൗസ് പൊളിച്ചുമാറ്റേണ്ടിവതായി ഭരണസമിതി പറ്ഞ്ഞു. ഭരണസമിതിയെ ഫോണ്‍ മുഖേന പോലും അറിയിക്കാതെയാണ് കുടിവെള്ളപ്രശ്‌നവുമായി ബന്ധപ്പെട്ട പരാതിയില്‍ കലക്ടര്‍ ചിറ്റാരിക്കാലില്‍ സന്ദര്‍ശനം നടത്തിയതെന്നും തങ്ങള്‍ക്ക് പറയാനുള്ളതു കേള്‍ക്കാതെ ദുരന്തനിവാരണനിയമം ഉപയോഗിച്ച് നടപടി സ്വീകരിക്കുമെന്ന് ഉത്തരവിട്ടത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്് ഫിലോമിന ജോണി, വൈസ്പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍, അംഗങ്ങളായ ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍, ജെസി ടോം, ജോളി പേണ്ടാനം, ഷേര്‍ളി ചീങ്കല്ലേല്‍, ഡെറ്റി ഫ്രാന്‍സിസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it