Flash News

കര്‍ഷക സമരം മൂന്നാംദിനത്തില്‍: ജൂണ്‍ 10ന് ഭാരത് ബന്ദ്; പച്ചക്കറി വില ഉയരുന്നു

കര്‍ഷക സമരം മൂന്നാംദിനത്തില്‍: ജൂണ്‍ 10ന് ഭാരത് ബന്ദ്; പച്ചക്കറി വില ഉയരുന്നു
X
ന്യൂഡല്‍ഹി: ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും  പ്രതിരോധത്തിലാക്കി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് നടത്തുന്ന കര്‍ഷക സമരം മൂന്നാം ദിവസവും തുടരുകയാണ്. പത്താം തിയ്യതി സംഘടന ഭാരത് ബന്ദ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പലയിടങ്ങളിലും സംഘര്‍ഷം ഉണ്ടായിട്ടുണ്ട്.മധ്യ പ്രദേശില്‍ സമരവുമായി ബന്ധപ്പെട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16 കര്‍ഷകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.  സമരത്തിന്റെ  ഭാഗമായി നഗരങ്ങളിലേക്കുള്ള പാല്‍, പച്ചക്കറികള്‍ എന്നിവ വഹിച്ചുകൊണ്ടുള്ള വണ്ടികള്‍ പലയിടത്തും വ്യാപകമായി തടഞ്ഞു.



ഭക്ഷ്യസാധനങ്ങളുടെ വരവ്  കുറഞ്ഞതോടെ പല നഗരങ്ങളിലും ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുത്തനെ കൂടി. പല സ്ഥലങ്ങളിലും കിലോയ്ക്ക് 10-20 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ചണ്ഡീഗഡില്‍ കിലോയ്ക്ക് 10-15 രൂപയുണ്ടായിരുന്ന തക്കാളിക്ക് 20-25 രൂപയായി. ഉരുളക്കിഴങ്ങ്, കാപ്‌സിക്കം, ചുരയ്ക്ക, വെള്ളരി തുടങ്ങിയവയുടെ വിലയും കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ പച്ചക്കറിലഭ്യതയും കുറഞ്ഞു. ഇതോടെ വരുംദിവസങ്ങളില്‍ പച്ചക്കറിവില കുതിച്ചുയരാനും സാധ്യതയുണ്ട്.പഞ്ചാബിലെ നാഭ, ലുധിയാന, മുക്തസര്‍, തരന്‍തരണ്‍, നംഗല്‍, ഫിറോസ്പൂര്‍ മേഖലകളില്‍ നഗരങ്ങളിലേക്കുള്ള പച്ചക്കറി, പാല്‍ വിതരണം കര്‍ഷകര്‍ തടയുന്നതായി റിപോര്‍ട്ടുകളുണ്ട്. ഫിറോസ്പൂരിലെ പച്ചക്കറി മാര്‍ക്കറ്റ് കര്‍ഷകര്‍ അടപ്പിച്ചു. ഭാരതീയ കിസാന്‍ യൂനിയനിലെ പ്രവര്‍ത്തകര്‍ ജോദ്പൂരില്‍ പാലുമായി പോവുകയായിരുന്ന വാഹനങ്ങള്‍ തടഞ്ഞത് വാഗ്വാദത്തിനിടയാക്കി. പാല്‍ വിപണനം തടസ്സപ്പെടുത്തരുതെന്ന ആവശ്യം കര്‍ഷകര്‍ തള്ളി. തുടര്‍ന്ന് പോലിസ് നാലുപേരെ കസ്റ്റഡിയിലെടുത്തത് പ്രതിഷേധത്തിനിടയാക്കി. മൊഹാലിയില്‍ കര്‍ഷകര്‍ വാഹനം നിര്‍ത്തി മാര്‍ക്കറ്റ് ഉപരോധിച്ചു.കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികളോടുള്ള പ്രതിഷേധമാണു സമരമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിങ് വിഷയത്തില്‍ പ്രതികരിച്ചത്. രാജ്യത്തെ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ അവര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് ജൂണ്‍ 1 മുതല്‍ 10 വരെ രാജ്യവ്യാപകമായി കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുക, വിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. പച്ചക്കറികള്‍ വിപണിയിലെത്തിക്കാതെയുള്ള സമരമാണു നടത്തുന്നത്. പലയിടങ്ങളിലും പാല്‍ റോഡിലൊഴുക്കിയും പച്ചക്കറികള്‍ റോഡില്‍ ഉപേക്ഷിച്ചുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
Next Story

RELATED STORIES

Share it