wayanad local

കര്‍ഷകര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിളവെടുപ്പ്‌

നടവയല്‍: ജില്ലയിലെ പാടശേഖരങ്ങളില്‍ നെല്‍കൃഷി വിളവെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മാനത്ത് മഴക്കാറും അങ്ങിങ്ങായി പെയ്യുന്ന മഴയും കര്‍ഷക മനസ്സില്‍ ആശങ്കകള്‍ക്ക് വഴിതെളിക്കുന്നു. മിക്ക പാടങ്ങളിലും നെല്ല് കൊയ്‌തെടുക്കാന്‍ പാകമായി. തൊഴിലാളി ക്ഷാമത്താല്‍ വലയുന്ന കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായി പെയ്യുന്ന മഴയില്‍ ഉള്ള നെല്ലും വൈക്കോലും എങ്ങനെ കൊയ്‌തെടുക്കുമെന്ന ആശങ്കയാണ്. ഇത്തവണ നഞ്ചകൃഷിക്ക് മഴക്കുറവ് ബാധിച്ചെങ്കിലും പാടത്ത് മുഴുവന്‍ കൃഷി ഇറക്കിയിരുന്നു. അരിയുടെ വില വര്‍ധനവില്‍ നിന്നും പിടിച്ച് നില്‍ക്കാനുള്ള ഏക പോംവഴി എന്ന നിലയിലാണ് വയല്‍ തരിശിടാതെ കര്‍ഷകര്‍ നെല്‍കൃഷി ചെയ്തത്. പാട്ടത്തിനെടുത്തും പകുതി നെല്ല് എന്ന വ്യവസ്ഥയിലുമാണ് മിക്കവരും കൃഷി ചെയ്തത്. രാസവള വില വര്‍ധനവിലും തൊഴിലാളികള്‍ക്ക് വലിയ കൂലി നല്‍കിയും ഇറക്കിയ കൃഷി വിളവെടുപ്പിന് പാകമായപ്പോള്‍ കാലാവസ്ഥ ചതിച്ചു. കൊയ്ത്തിന് ആവശ്വത്തിന് തൊഴിലാളികളെ ലഭിക്കാനില്ല. തമിഴ്‌നാട്ടില്‍ നിന്നും പാലക്കാട് നിന്നും ഇടനിലക്കാര്‍ വഴി ഇവിടെ എത്തിക്കുന്ന കൊയ്ത്ത് യന്ത്രത്തിന് വന്‍ വാടക നല്‍കണം. പാടശേഖര സമിതികള്‍ വഴി കൃഷി വകുപ്പ് മെതിയന്ത്രം നല്‍കിയെങ്കിലും ഇത് അറ്റകുറ്റപ്പണികള്‍ സമയത്ത് നടത്താത്തത് മൂലം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് കൊയ്ത്ത് മെതിയന്ത്രം വാങ്ങി പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കിയിരുന്നു. ഇതിന്റെ സേവനവും കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല. കര്‍ഷകര്‍ക്ക് അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആവശ്യത്തിന് കൊയ്ത്ത് മെതിയന്ത്രങ്ങള്‍ ലഭ്യമാക്കണം. ഇതിന് വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം. കാലാവസ്ഥ ഈ രീതിയില്‍ തുടര്‍ന്നാല്‍ കര്‍ഷകര്‍ക്ക് ഒരു മണി നെല്ല് പോലും ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടാവുക. ഇത് വയലിന്റെ നാടായ വയനാട്ടില്‍ മറ്റൊരു കാര്‍ഷിക പ്രതിസന്ധിക്ക് കാരണമാവുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it