കര്‍ദിനാളിനെതിരേ കേസെടുക്കണം

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമിയിടപാട് ആരോപണത്തില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുമ്പാടന്‍, റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിശ്വാസവഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍പ്രകാരം കേസെടുത്താണ് അന്വേഷണം നടത്തേണ്ടത്.
ഭൂമിയിടപാട് തട്ടിപ്പിനെതിരേ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി. ഷൈന്‍ നല്‍കിയ പരാതിയും കേസിലെ ഇതുവരെയുള്ള വസ്തുതകളും പരിശോധിക്കുമ്പോള്‍ കേസെടുക്കണമെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാവുന്നതെന്നു കോടതി വ്യക്തമാക്കി. പരാതിയില്‍ പോലിസാണ് തീരുമാനമെടുക്കേണ്ടതെന്നും ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ആരോപണവിധേയര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.
ഇതേ ആരോപണത്തില്‍ മറ്റൊരാള്‍ നല്‍കിയ പരാതിയില്‍ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തിവരുകയാണ്. അതില്‍ ഇതുവരെ പോലിസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. സഭയുടെ നൈയാമിക ചുമതലയുള്ള വ്യക്തിയായതിനാല്‍ കര്‍ദിനാളിന് രൂപതാ വസ്തുവകകളില്‍ ഇഷ്ടമുള്ളത് ചെയ്യാം. ആര്‍ക്കും ഇതിനെ ചോദ്യം ചെയ്യാന്‍ അധികാരമില്ലെന്നും അഭിഭാഷകര്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളി.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട 26 കോടി രൂപയില്‍ എട്ടു കോടി മാത്രമേ ലഭിച്ചുള്ളൂവെന്നും സാജു വര്‍ഗീസില്‍ നിന്ന് ബാക്കി 18 കോടി തിരികെ ലഭിക്കാനുണ്ടെന്ന് പറയുന്നുണ്ടെങ്കിലും സഭാധികാരികളുടെ കൈവശം അതിന്റെ രേഖകളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണ്. ഇതേ ആരോപണങ്ങളില്‍ മറ്റൊരാള്‍ നല്‍കിയ പരാതിയില്‍ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തുന്നതിനാല്‍ കേസെടുക്കേണ്ടതില്ലെന്ന വാദം നിലനില്‍ക്കുന്നതല്ല. രൂപത ജീവിച്ചിരിക്കുന്ന വ്യക്തിയല്ലാത്തതിനാല്‍ അതിന്റെ ഭരണപരമായ ചുമതലയാണ് കര്‍ദിനാളിനുള്ളത്. രൂപതയുടെ സമ്പത്ത് ശരിയല്ലാത്ത രീതി മൂലം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വിശ്വാസവഞ്ചനയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, രാജ്യത്തു നിലവിലുള്ള നിയമങ്ങള്‍ ലംഘിക്കാതെയും സഭാനിയമങ്ങള്‍ പാലിച്ചും  മെത്രാപോലീത്തയ്ക്ക് അതിരൂപതയുടെ വസ്തുക്കള്‍ വില്‍ക്കുന്നതിന് അധികാരമുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്യാലയം അറിയിച്ചു. ഈ അധികാരവും അവകാശവും ഉപയോഗിച്ചാണ് വസ്തുക്കള്‍ വിറ്റത്. വിധപ്പകര്‍പ്പ് ലഭിച്ചതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it