കര്‍ണാടക മന്ത്രിസഭാ വികസനം: നേതാക്കള്‍ ഡല്‍ഹിയിലേക്ക്

ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ വികസന കാര്യത്തില്‍ ഹൈക്കമാന്‍ഡുമായി സംസ്ഥാന നേതാക്കള്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. വിദേശത്തുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി തിങ്കളാഴ്ച തിരിച്ചുവരുന്ന പശ്ചാത്തലത്തില്‍ വകുപ്പുകളും മന്ത്രിമാരും അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് മുന്നണിയില്‍ അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
രാഹുല്‍ഗാന്ധി എത്തിയാലുടന്‍ സംസ്ഥാന നേതാക്കളെ വിളിപ്പിക്കും. ഉടന്‍ തന്നെ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിക്കു തിരിക്കുമെന്നും പരമേശ്വര അറിയിച്ചിട്ടുണ്ട്. നിലവിലെ ധാരണ പ്രകാരം കോണ്‍ഗ്രസ്സിന് ആഭ്യന്തരം, ജലസേചനം, ബംഗളൂരു സിറ്റി വികസനം, നിയമം, പാര്‍ലമെന്ററി കാര്യം തുടങ്ങിയ വകുപ്പുകള്‍ ലഭിക്കും. ധനകാര്യം, എക്‌സൈസ്, ഇന്റലിജന്‍സ്, പൊതുമരാമത്ത്, ഊര്‍ജം, സഹകരണം, ടൂറിസം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ വകുപ്പുകളാണു ജെഡിഎസിന് ലഭിക്കുക. സംസ്ഥാനത്തെ പല നേതാക്കളും മന്ത്രിസ്ഥാന മോഹവുമായി ഡല്‍ഹിയില്‍ തങ്ങുകയാണ്. എന്നാല്‍ ഏറെക്കാലം മന്ത്രിസ്ഥാനത്തിരുന്നവരെ പാര്‍ട്ടി ഉത്തരവാദിത്തങ്ങളിലേക്കു മാറ്റുമെന്ന സൂചന കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നില്ല എന്നാണ് പരമേശ്വര പ്രതികരിച്ചത്. എന്നാല്‍ കൂടുതല്‍ തവണ മന്ത്രിമാരായിരുന്നവര്‍ക്ക് അവസരം നല്‍കാതെ പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് ഇത്തരം അഭിപ്രായങ്ങള്‍ വേണ്ടവിധത്തില്‍ പരിഗണിക്കുമെന്നും പരമേശ്വര കൂട്ടിച്ചേര്‍ത്തു.
ജെഡിഎസ് ക്യാംപിലും മന്ത്രിസ്ഥാനത്തിനായി ചരടുവലികള്‍ നടക്കുന്നുണ്ട്. ഊര്‍ജ വകുപ്പിനു പുറമേ ഒരു വകുപ്പു കൂടി എച്ച് ഡി രേവണ്ണയ്ക്കു നല്‍കുന്നതു പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it