കര്‍ണാടക: നാല് ജെഡിഎസ് എംഎല്‍എമാര്‍ രാജിവച്ചു

ബംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, നാലു വിമത ജെഡിഎസ് എംഎല്‍എമാര്‍ നിയമസഭയില്‍ നിന്നു രാജിവച്ചു. കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി ഇവര്‍ വെള്ളിയാഴ്ച വോട്ട് ചെയ്തിരുന്നു.
ബി ഇസെഡ് സമീര്‍ അഹ്മദ് ഖാന്‍, ആര്‍ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി, എന്‍ ചാലുവരയ സ്വാമി, ഭീമാ നായിക് എന്നിവരാണ് സ്പീക്കര്‍ കെ ബി കോളിവാഡിന്റെ വസതിയിലെത്തി രാജി സമര്‍പ്പിച്ചത്. വിമത ജെഡിഎസ് എംഎല്‍എമാര്‍ ഒന്നോ രണ്ടോ ദിവസത്തിനകം കോണ്‍ഗ്രസ്സില്‍ ചേരുമെന്നാണറിയുന്നത്. ജെഡിഎസ് നേതൃത്വത്തിനെതിരേ, പ്രത്യേകിച്ച് പാര്‍ട്ടി സംസ്ഥാന ഘടകം അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിക്കെതിരേ കലാപം കൂട്ടിയ ഏഴ് എംഎല്‍എമാരില്‍പ്പെട്ടവരാണ് രാജിവച്ചത്. രാജി സ്വീകരിച്ചതായി കോളിവാഡ് അറിയിച്ചു. കുമാരസ്വാമി ഏകാധിപത്യമാണ് പാര്‍ട്ടിയിലെന്ന് ഖാന്‍ പറഞ്ഞു. അദ്ദേഹം ആരെയും ശ്രദ്ധിക്കുന്നില്ലെന്നും പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയോടും സഹോദരന്‍ എച്ച് ഡി ദേവണ്ണയോടും ചര്‍ച്ചചെയ്യാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഴു ജെഡിഎസ് എംഎല്‍എമാരാണ് വെള്ളിയാഴ്ച കൂറുമാറി വോട്ട് ചെയ്തത്. അത് കോണ്‍ഗ്രസ്സിന് ഒരു സീറ്റ് അധികം കിട്ടുന്നതിനിടയാക്കി. രണ്ടുപേരെ ജയിപ്പിക്കാനുള്ള അംഗബലമേ നിയമസഭയില്‍ കോണ്‍ഗ്രസ്സിനുണ്ടായിരുന്നുള്ളൂ. ഏഴു ജെഡിഎസ് എംഎല്‍എമാര്‍ തുണച്ചതിനാല്‍ ഒരു സീറ്റില്‍ കൂടി ജയിക്കാനായി. ജെഡിഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അഴിമതി കാണിച്ചുവെന്നാരോപിച്ച് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
Next Story

RELATED STORIES

Share it