കരിപ്പൂര്‍: വിമാന സര്‍വീസുകള്‍ പിന്‍വലിച്ചതു മൂലം വരുമാനത്തില്‍ 25 കോടിയുടെ നഷ്ടം

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു വലിയ വിമാനങ്ങള്‍ പിന്‍വലിച്ച് ഒരു വര്‍ഷമാവുമ്പോള്‍ വിമാനത്താവളവരുമാനത്തില്‍ 25 കോടി നഷ്ടം.
2015 -16 സാമ്പത്തിക വര്‍ഷത്തില്‍ 79 കോടിയുടെ വരുമാനമാണ് ലഭിച്ചത്. എന്നാല്‍, 2014 -15 വര്‍ഷത്തില്‍ 104 കോടിയായിരുന്നു. യാത്രക്കാര്‍ വര്‍ധിച്ചതിനാല്‍ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലെല്ലാം വരുമാനം കുത്തനെ കൂടിയിരിക്കുകയാണ്.
വലിയ വിമാന സര്‍വീസ് നിലനിന്നിരുന്നെങ്കില്‍ വിമാനത്താവള വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനത്തിന്റെ വര്‍ധനവുണ്ടാവുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിലയിരുത്തല്‍.റണ്‍വെ നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ 30 മുതലാണ് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
വലിയ വിമാനങ്ങളുടെ പിന്‍മാറ്റം യാത്രക്കാര്‍ കുറഞ്ഞതിനു പുറമെ ഗള്‍ഫിലേക്കുള്ള ചരക്ക് നീക്കം കുറഞ്ഞു. കഴിഞ്ഞ മെയ് ഒന്നുമുതല്‍ ആഴ്ചയില്‍ 52 വിമാനസര്‍വീസുകള്‍ പിന്‍വലിച്ചത് വഴി 18,500 യാത്രക്കാരുടെ കുറവാണുണ്ടായത്.
കരിപ്പൂരില്‍ നിലവില്‍ ചെറിയ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ആയതിനാല്‍ യാത്രക്കാരുടെ ഗണ്യമായ കുറവാണുള്ളത്. വലിയ വിമാനങ്ങള്‍ക്കു പകരം കൂടുതല്‍ സര്‍വീസുകളുമെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it