kozhikode local

കരാറുകാരുടെ ബില്ലുകള്‍ ട്രഷറി മടക്കി; പദ്ധതി നിര്‍വഹണം അവതാളത്തില്‍

കോഴിക്കോട്:  കോര്‍പറേഷന്‍ പദ്ധതികളുടെ ഭാഗമായി നടന്ന പ്രവൃത്തികളുടെ ബില്‍ ട്രഷറിയില്‍ നിന്ന് മടക്കിയത് വരുംകാല പ്രവൃത്തികളെ ബാധിക്കുമെന്നും ഇത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവയ്ക്കുമെന്നും കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ആക്ഷേപം. ജനതാദള്‍ അംഗം പി കിഷന്‍ചന്ദ് ആണ് വിഷയം സഭയുടെ ശ്രദ്ധ ക്ഷണിച്ചത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 77 ശതമാനം പദ്ധതികളാണ് നടപ്പായത്. ഇത് റെക്കോര്‍ഡാണ്. എന്നാല്‍ കരാറുകാരുടെ ബില്ലുകള്‍ കൂട്ടത്തോടെ മടങ്ങിയത് ആശങ്ക ഉളവാക്കുന്നതായി കിഷന്‍ചന്ദ് ചൂണ്ടിക്കാട്ടി. മാര്‍ച്ച്് 27, 28, 29, 30 തിയ്യതികളില്‍ അയച്ച ബില്ലുകളാണ് ജില്ലാ ട്രഷറിയില്‍ നിന്ന് മടക്കിയത്. ബില്ലുകളെല്ലാം ക്യൂ സിസ്റ്റം വഴി മാറി കിട്ടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒന്നും ഉണ്ടായില്ല.
32 കോടി രൂപയാണ് ഇതോടെ കിട്ടാക്കടമായി മാറിയത്. 234 ബില്ലുകളാണ് ട്രഷറിയില്‍ നല്‍കിയിരുന്നത്. ഇതില്‍ 155 ബില്‍ മടങ്ങി. കഴിഞ്ഞ തവണ സ്പില്‍ ഓവര്‍ ആയി പരിഗണിച്ച പ്രവൃത്തികളുടെ 20.6 കോടിയുടെ ബില്ലും ഇതില്‍ ഉള്‍പ്പെടും. ഇത്തരത്തില്‍ ബില്‍ മടങ്ങാനിടയാക്കിയ സാഹചര്യം പരിശോധിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടാവണമെന്നും കിഷന്‍ചന്ദ് ആവശ്യപ്പെട്ടു. ട്രഷറിക്ക് മുന്നില്‍ കൗണ്‍സിലര്‍മാര്‍ സമരം നടത്തണമെന്നും നിര്‍ദേശിച്ചു.
മരാമത്ത് പ്രവൃത്തികളുടെ ബില്ലുകള്‍ തടയപ്പെട്ടത് ഗൗരവമായി കാണണമെന്ന്്് കെ ടി ബീരാന്‍കോയ പറഞ്ഞു. നമ്പിടി നാരായണന്‍, എം രാധാകൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ക്യൂ സിസ്റ്റം വഴി പണം ലഭിക്കുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ഈ വിഷയം ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കുമായി സംസാരിച്ചിരുന്നതായും മേയര്‍ വ്യക്തമാക്കി. ബില്ലുകള്‍ മാറികിട്ടാന്‍ പ്രയാസമുണ്ടാവില്ല. എന്നാല്‍ ഈ സാമ്പത്തികവര്‍ഷത്തെ തുക ഈ വര്‍ഷം തന്നെ ചെലവഴിക്കേണ്ടിവരുമെന്നും മേയര്‍ പറഞ്ഞു.
പിഎംഎവൈ പദ്ധതി പ്രകാരം വീട് നിര്‍മാണത്തിനുള്ള അപേക്ഷകളില്‍ 60 എണ്ണം മാറ്റിവച്ചതിന്റെ പേരില്‍ ഗുണഭോക്താക്കള്‍ ദുരിതത്തിലാണെന്ന്്് എം കുഞ്ഞാമുട്ടി ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ പറഞ്ഞു. തണ്ണീര്‍ത്തടത്തിന്റെയും മറ്റും പേരില്‍ അപേക്ഷ നിരസിക്കുകയാണ്.
കെഎസ്ഇബിയുടെ ടവര്‍ലൈന്‍ പോവുന്നതിന്റെ പേരിലും ചിലരുടെ അപേക്ഷ നിരസിക്കപ്പെട്ടു. ഇത് നീതീകരിക്കാനാവില്ലെന്ന്്് കുഞ്ഞാമുട്ടി പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന്്് മേയര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷന്‍ സ്‌കൂളിന്റെ ഭൂമി ജില്ലാ പഞ്ചായത്തിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിന് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്്് കെ സി ശോഭിത ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സ്‌കൂളിന്റെ 30 സെന്റ് സ്ഥലം വിട്ടുകൊടുക്കാനാണ് ശ്രമിക്കുന്നത്. ഇത്് സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ  പ്രതികൂലമായി ബാധിക്കും. ശോഭിത പറഞ്ഞു.
ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മേയര്‍ പറഞ്ഞു. സ്‌കൂളിന്റെ കെട്ടിടം ആശ്വാസകേന്ദ്രമായിരുന്നുവെന്ന് എം രാധാകൃഷ്ണന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തിന് ശേഷം കോര്‍പറേഷന്റെ ഏകീകൃത ശുചിത്വത്തിന് വേണ്ടി തയ്യാറാക്കുന്ന കര്‍മപദ്ധതിയായ സിറ്റി സാനിറ്റേഷന്‍ പ്ലാനിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it