Pathanamthitta local

കരാറുകാരന്‍ കനിയുന്നില്ല; ഏഴംകുളം കനാല്‍ റോഡിന്റെ അറ്റകുറ്റപ്പണി നീളുന്നു

ഏഴംകുളം: ഫണ്ട് അനുവദിച്ച് നാലു വര്‍ഷം കഴിഞ്ഞിട്ടും കരാറുകാരന്‍ റോഡ് പണി ആരംഭിക്കാത്തതുമൂലം പൊതുജനം ദുരിതത്തില്‍. ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ കനാല്‍ റോഡ് നവീകരണമാണ് കരാറുകാരന്റെ നിഷേധാത്മക നിലപാടുമൂലം നീണ്ടുപോകുന്നത്.
ഏഴംകുളം കരിങ്ങാട്ടില്‍പ്പടി മുതല്‍ കാപ്പില്‍ കോളനിഭാഗം വരെയുള്ള 1100 മീറ്റര്‍ കനാല്‍ റോഡ് റീടാറിങിന് വേണ്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ 10,40,386 രൂപ അനുവദിച്ചത്. 2012 നവംബറില്‍ കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്തെങ്കിലും നാളിതുവരെ പണി ആരംഭിച്ചിട്ടില്ല. സ്വകാര്യ സ്‌കൂളുകള്‍, ദേവാലയങ്ങള്‍, കശുവണ്ടി ഫാക്ടറി തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാന്‍ ജനങ്ങള്‍ ആശ്രയിക്കുന്നത് ഈ കനാല്‍ റോഡിനെയാണ്.
എന്‍ജിനീയറുടെ ഓഫിസിലും അടൂര്‍ സെക്ഷന്‍ ഓഫിസിലും ബന്ധപ്പെട്ടെങ്കിലും യാതൊരുഫലവും ഉണ്ടായിട്ടില്ല. മഴ ആരംഭിച്ചതോടെ റോഡ് ചെളിക്കുണ്ടായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പ്രവൃത്തി കൃത്യമായി ചെയ്യാത്ത കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
ടെന്‍ഡര്‍ വര്‍ക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത കരാറുകാരന്റെ ലൈസന്‍സ് റെദ്ദ് ചെയ്യാമെന്നിരിക്കെ കരാറുകാരനെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥ നിലപാടിലും ദുരൂഹതയേറെയാണ്. റോഡ്പണി ആരംഭിച്ചില്ലെങ്കില്‍ ഏഴംകുളം ഗ്രാമപ്പഞ്ചായത്തിലെ ജനപ്രതിനിധികള്‍ കൊട്ടാരക്കരയിലുള്ള കെഐപി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസിന് മുമ്പില്‍ സമരം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.
Next Story

RELATED STORIES

Share it