palakkad local

കയറ്റിറക്ക് കൂലി: സംസ്ഥാനതല ഏകീകരണം വരെ വര്‍ധിപ്പിക്കരുത്- ജില്ലാ കലക്ടര്‍

പാലക്കാട്: ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെട്ട ചാക്കുകളുടെ കയറ്റിറക്ക്് കൂലി സംസ്ഥാനതലത്തില്‍ ഏകീകരിക്കുന്നതു വരെ വര്‍ധിപ്പിച്ച കൂലി ആവശ്യപ്പെടരുതെന്ന് ജില്ലാ കലക്ടര്‍ ഡോ.പി സുരേഷ് ബാബു ചുമട്ടുതൊഴിലാളി പ്രതിനിധികളോട് ആവശ്യപ്പെട്ടു.
ചാക്കുകളുടെ കയറ്റിറക്ക് കൂലിതര്‍ക്കത്തെ തുടര്‍ന്ന്് സപ്ലൈകോ-എന്‍എഫ്എസ്എ കൊടുന്തിരപ്പിള്ളി ഗോഡൗണിലെ റേഷന്‍ വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത തൊഴിലാളികളുടേയും ട്രേഡ് യൂനിയന്‍ പ്രതിനിധികളുടേയും യോഗത്തിലാണ് ജില്ലാ കലക്ടര്‍ ആവശ്യം മുന്നോട്ടുവച്ചത്.
നിലവിലുളള കൂലിയില്‍ ഗോഡൗണിലെ ഭക്ഷ്യധാന്യങ്ങള്‍ ഉടന്‍ തന്നെ തൂക്കി കയറ്റി നല്‍കാമെന്ന് തൊഴിലാളികളും പ്രതിനിധികളും യോഗത്തില്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെട്ട ചാക്കുകള്‍ കയറ്റുന്നതിന് ക്വിന്റലിന് 14.50 രൂപയും ഇറക്കുന്നതിന് 12 രൂപയുമാണ് നിലവില്‍ പിന്തുടര്‍ന്നിരുന്ന കൂലി. നിറഞ്ഞ ചാക്കുകള്‍ തൂക്കാതെയും പൂര്‍ണമായി നിറയാത്ത ചാക്കുകള്‍ മാത്രം തൂക്കിയുമാണ് തൊഴിലാളികള്‍ റേഷന്‍ കടകളില്‍ കയറ്റിറക്ക് നടത്തിയിരുന്നത്.
രണ്ടുതരം ചാക്കുകളും തൂക്കണമെന്ന് റേഷന്‍ വ്യാപാരികളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ നിശ്ചിത കൂലിയേക്കാള്‍ കൂടുതല്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിനിടയാക്കിയതും. കയറ്റിറക്ക് കൂലി ഏകീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വൈകിയാല്‍ ജില്ലാ കലക്ടര്‍ വിഷയത്തില്‍ വീണ്ടും ഇടപെടണമെന്ന ആവശ്യം യോഗത്തില്‍ തൊഴിലാളികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
കൂലിതര്‍ക്കം റേഷന്‍ വിതരണത്തെ ബാധിക്കാത്ത വിധം കൈകാര്യം ചെയ്യണമെന്ന ജില്ലാ കലക്ടറുടെ ആവശ്യവും തൊഴിലാളികളും ട്രേഡ് യൂനിയന്‍ പ്രതിനിധികളും അംഗീകരിച്ചു.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ (ജനറല്‍) സി എം സക്കീന, സപ്ലൈകോ റീജ്യനല്‍ മാേനജര്‍ പി ദാക്ഷായണിക്കുട്ടി, പാലക്കാട് അസിസ്റ്റന്റ് മേഖലാ മനേജര്‍ പി ഷീബ, പാലക്കാട് ഡിപ്പൊ ജൂനിയര്‍ മാനേജര്‍ പി സുരേഷ്, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it