Flash News

'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പരാജയ കാരണം ഇന്ത്യന്‍ വിപ്ലവത്തിന്റെ പാത കണ്ടെത്താത്തത്



'കോഴിക്കോട്: വിപ്ലവം സംബന്ധിച്ച ഇന്ത്യന്‍ പാത കണ്ടെത്താന്‍ കഴിയാതെ പോയതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്- മാവോവാദി പ്രസ്ഥാനങ്ങളുടെ പരാജയ കാരണമെന്ന് പ്രമുഖ ദലിത്- മാര്‍ക്‌സിസ്റ്റ് ചിന്തകനും അംബേദ്കര്‍ കുടുംബാംഗവുമായ ആനന്ദ് തെല്‍തുംദെ.  വിദേശ മാതൃകകള്‍ നോക്കിക്കണ്ടാണ് ഇവിടെ കമ്മ്യൂണിസ്റ്റ്- മാവോവാദി പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സോവിയറ്റ് യൂനിയനെ മാതൃകയാക്കിയപ്പോള്‍ നക്‌സല്‍ബാരി ചൈനയെയാണ് മാതൃകയാക്കിയത്. ഇന്ത്യയെ വസ്തു നിഷ്ഠമായി മനസ്സിലാക്കി ഒരു വിപ്ലവ പാത സ്വീകരിക്കുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന നക്‌സല്‍ബാരി കാര്‍ഷിക കലാപത്തിന്റെ 50ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1960കളില്‍ കാര്‍ഷിക കലാപങ്ങള്‍ക്ക് കാരണമായ സാഹചര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയിലും ലോകത്തുമെല്ലാം നിലനില്‍ക്കുന്നത്. ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ സാമൂഹിക പരിവര്‍ത്തനം കൊണ്ടുവരാന്‍ നക്‌സല്‍ബാരിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെങ്ങും ഇപ്പോഴും കണ്ടുവരുന്ന ദാരിദ്ര്യം, സാമൂഹിക അസമത്വം തുടങ്ങിയവയെല്ലാം അറുപതുകളിലേതിന് സമാനമാണ്. ഈ വസ്തുനിഷ്ഠ സാഹചര്യത്തിനനുസൃതമായി വിപ്ലവപ്രസ്ഥാനങ്ങളുടെ അവബോധം വളരാതിരുന്നതും ഇതിനെ ഏത് രീതിയില്‍ നേരിടുമെന്ന ധാരണയില്ലാതെ പോയതും ഇത്തരം പ്രസ്ഥാനങ്ങളുടെ പരാജയത്തിന് കാരണമായി. തുടര്‍ന്ന് സമകാലീന ഇന്ത്യന്‍ സാഹചര്യവും നക്‌സല്‍ ബാരിയുടെ പ്രസക്തിയും വിഷയത്തില്‍ സെമിനാര്‍ നടന്നു. പോരാട്ടം ചെയര്‍മാന്‍ എം എന്‍ രാവുണ്ണി വിഷയാവതരണം നടത്തി. പി പ്രസാദ്, സിപിഐ (എംഎല്‍) എം കെ ദാസന്‍, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് സി പി റഷീദ്, പോരാട്ടം നേതാവ് സി എ അജിതന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it