Flash News

കമ്മ്യൂണിസം ഒരിക്കലും മരിക്കാത്ത ആശയമെന്ന് എം ലീലാവതി



കൊച്ചി: കീഴാളരോടുള്ള അടിമത്തം നിലനില്‍ക്കുന്നിടത്തോളം കാലം കമ്മ്യൂണിസം എന്ന ആശയത്തിന്റെ പ്രസക്തി അവസാനിക്കുന്നില്ലെന്ന്   എഴുത്തുകാരി ഡോ. എം ലീലാവതി. രാജ്യത്ത് കമ്മ്യൂണിസം തുടച്ചുനീക്കുമെന്ന് ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ പറഞ്ഞതായി പത്രങ്ങളില്‍നിന്ന് അറിഞ്ഞു. ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ വിചാരിച്ചാല്‍ കമ്മ്യൂണിസം തുടച്ചുനീക്കാനാവില്ലെന്നും എം ലീലാവതി പറഞ്ഞു. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലീലാവതി. രാജ്യത്തെ പന്ത്രണ്ടര കോടി വരുന്ന കുട്ടികളുടെ പട്ടിണി മാറ്റുന്നതിന് പകരം മാനംമുട്ടെ കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതിനും പാലങ്ങള്‍ പണിയുന്നതിലുമാണ് പ്രധാനമന്ത്രി വികസനം കാണുന്നത്. ഒഎന്‍വിയുടെ കവിതകളില്‍ “ഞാന്‍ ‘ ഒരു വ്യക്തിയല്ലെന്നും മറിച്ച് ആകുലത അനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ വിളികേള്‍ക്കുന്ന മറ്റൊരു ആകുല സമൂഹമാണെന്നും ലീലാവതി കൂട്ടിച്ചേര്‍ത്തു. സെമിനാറില്‍ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി എസ് രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഒഎന്‍വി കവിതയിലെ താളബോധം, ഒഎന്‍വി കവിതയിലെ സ്ത്രീ സങ്കല്‍പം എന്നീ ഉപവിഷയങ്ങളില്‍ സെമിനാര്‍ നടന്നു. സമാപനസമ്മേളനം പ്രഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. പ്രഭാവര്‍മ സെമിനാര്‍ അവലോകനം ചെയ്തു. ഒഎന്‍വിയുടെ മകനും മകളും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it