കന്യാസ്ത്രീയുടെ പീഡനപരാതി: ജലന്ധര്‍ ബിഷപ്പിനെ കേരളത്തിലെത്തിക്കാന്‍ നീക്കം

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യലിനായി കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ അന്വേഷണസംഘം നീക്കം തുടങ്ങി. റേഞ്ച് ഐജി വിജയ് സാക്കറെയും കോട്ടയം എസ്പി ഹരിശങ്കറും നാളെ അന്വേഷണപുരോഗതി വിലയിരുത്താനായി ഉന്നതതല യോഗം ചേരും. കേസിന്റെ അന്വേഷണച്ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷും യോഗത്തില്‍ പങ്കെടുക്കും. ഇതിനുശേഷമായിരിക്കും ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തുന്നതില്‍ അന്തിമതീരുമാനമെടുക്കുക. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു. തെളിവെടുക്കലെല്ലാം ഏകദേശം പൂര്‍ത്തിയായി. ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കുന്നതിന് മുന്നോടിയായി ബിഷപ്പിന്റെ മൊബൈല്‍ഫോണ്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കും. നാളത്തെ യോഗത്തിനുശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട്ടെ മഠത്തില്‍ ബിഷപ്പ് എത്തിയിരുന്നുവെന്നതിന് തെളിവായി സന്ദര്‍ശക രജിസ്റ്റര്‍ പോലിസിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വ്യക്തത വരുത്തുന്നതിന് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. രണ്ടാംഘട്ട ചോദ്യംചെയ്യലിനുശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയാല്‍മതിയെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it