Flash News

കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസ്: ജാമ്യത്തിലിറങ്ങിയ ഗോരക്ഷകര്‍ക്ക് കേന്ദ്രമന്ത്രിയുടെ സ്വീകരണം

റാഞ്ചി: ഗോമാംസം കൈവശം വച്ചെന്നാരോപിച്ച് കന്നുകാലി വ്യാപാരിയെ തല്ലിക്കൊന്ന കേസില്‍ കുറ്റക്കാരായ എട്ടുപേരെ മാലയിട്ടു സ്വീകരിച്ച് ബിജെപി കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുള്ള സ്വന്തം വസതിയിലെത്തിയ പ്രതികളെ കേന്ദ്ര വ്യോമയാനമന്ത്രിയായ സിന്‍ഹ മധുരം നല്‍കി സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. ഗോമാംസം കൈവശം വച്ചെന്നാരോപിച്ച് ബിജെപി, എബിവിപി, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘം അലീമുദ്ദീന്‍ അന്‍സാരിയെന്ന കന്നുകാലി വ്യാപാരിയെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ അലിമുദ്ദീന്‍ സഞ്ചരിച്ചിരുന്ന വാന്‍ കത്തിക്കുകയും ചെയ്തിരുന്നു. കേസില്‍ ബിജെപി നേതാവ് നിത്യാനന്ദ മഹാതോ അടക്കം 11 പേരെ കോടതി ജീവപര്യന്തം തടവിനു വിധിച്ചിരുന്നു.
ഇതില്‍ കഴിഞ്ഞദിവസം ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കിയ എട്ടു പ്രതികള്‍ക്കാണ് കേന്ദ്രമന്ത്രിയും ബിജെപി പ്രദേശിക നേതൃത്വവും സ്വീകരണം നല്‍കിയത്. ഹസാരിബാഗിലെ മന്ത്രിയുടെ വസതിയില്‍ കുറ്റവാളികളെ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ സിന്‍ഹ ഇതുവരെ പ്രതികരിച്ചിട്ടില്ല.  അതേസമയം, മന്ത്രിയുടേത് നികൃഷ്ട നടപടിയാണെന്ന്  ജാര്‍ഖണ്ഡ് പ്രതിപക്ഷ നേതാവ് ഹേമന്ത് സോറന്‍  ട്വീറ്റ് ചെയ്തു. മോദിയുടെ മന്ത്രിസഭയിലെ ഏറ്റവും വിദ്യാസമ്പന്നനായ മന്ത്രി നിരപരാധിയെ കൊന്ന കേസിലെ കുറ്റക്കാരെ പിന്തുണയ്ക്കുന്നത് അത്ഭുതപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് അജോയ് കുമാറും പ്രതികരിച്ചു.
Next Story

RELATED STORIES

Share it