palakkad local

കന്നുകാലി വില്‍പനയ്ക്ക് കേന്ദ്ര നിയന്ത്രണം : പെരുമ്പിലാവ് കാലിച്ചന്തയില്‍ കന്നുകളുടെ വരവ് നിലച്ചു



കുന്നംകുളം: കന്നുകാലി വില്‍പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പെടുത്തിയതോടെ പെരുമ്പിലാവ് കാലി ചന്തയില്‍ കന്നുകളുടെ വരവ് നിലച്ചു. സാധാരണ നിലയില്‍ പതിനായിരത്തിലേറെ കന്നുകള്‍ എത്താറുള്ള പെരുമ്പിലാവില്‍ ചൊവ്വാഴ്ച എത്തിയത് 600 ഓളം മാടുകള്‍ മാത്രമാണ്. റമദാന്‍ വ്രതം ആരംഭിച്ചതോടെ കൂടുതല്‍ മാടുകള്‍ എത്തേണ്ടടിത്താണ് വരവ് വെറും പത്ത് ശതമാനമായി മാറിയത്. സാധാരണ ചന്ത ദിവസങ്ങളില്‍ കാല്കുത്താന്‍ ഇടമില്ലാത്ത ചന്ത തീര്‍ത്തും ശ്മാശാന മൂകമായിരുന്നു. ചൊവ്വാഴ്ചകളില്‍ പെരുമ്പിലാവ് ചന്തയെന്നാല്‍ ഉല്‍സവ സമാനമാണ്. കന്ന് കച്ചവടക്കാര്‍ മാത്രമല്ല വാങ്ങാനും വില്‍ക്കാനും കന്നുകളെ കാണാനുമെത്തുന്നവര്‍. കുപ്പിവള മുതല്‍, കത്തി മൂര്‍ച്ച കൂട്ടുന്നവരും കയറ് കച്ചവടക്കാരും തുടങ്ങി ഒരു ഉല്‍സവ പറമ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു. പുറത്ത് ചെറിയ ചായകടകള്‍, വറത്തെടുക്കുന്ന പൊരിസാധനങ്ങളുടെ ഗന്ധം, ആളെ വിളിച്ചും, ആര്‍പ്പു വിളിച്ചു കച്ചവടക്കാര്‍, വാഹനങ്ങളിലേക്ക് മാടുകളെ കയറ്റുന്ന വേഗം, ഡ്രൈവര്‍മാരും കച്ചവടക്കാരും തമ്മിലുള്ള വിലപേശല്‍. മൃഗങ്ങളുടെ വലിപ്പത്തിനൊപ്പം മനസ്സില്‍ തൂക്കമളന്ന് വില തിട്ടപെടുത്തുന്നവര്‍, ശകാരം, കളിയാക്കല്‍ തുടങ്ങി പൊരുമ്പിലാവിന്റെ തനത് കച്ചവട സംസ്‌ക്കാരമുണ്ട്. കച്ചവടത്തിന്റെ നേരും നെറിയും പടിക്കാന്‍ പെരുമ്പിലാവില്‍ പോകാന്‍ എഴുത്തുകാരുടെ വാക്കുകള്‍ പിറന്നത് അങ്ങിനെയാണ്. 1928 ല്‍ ആരംഭിച്ച ഈ കച്ചവട സംസ്‌ക്കാരം ഇന്നും അതേപടി നിലനില്‍ക്കുന്നുവെന്നതിനാല്‍ ഇത് കേവലം ഒരു കച്ചവടം മാത്രമായി കാണാന്‍ ഇവിടുത്തുകാര്‍ക്കാവില്ലെന്നത് കൊണ്ട് തന്നെയാണ്. തിങ്കളാഴ്ചകളില്‍ ആരംഭിക്കുന്ന ആഘോഷം ബുധനാഴ്ച വെളുക്കുവോളം നീളും. പക്ഷെ ഒരു പുതുനിയമം ഇവിടുത്തെ താളങ്ങള്‍ മാറ്റിമറിച്ചു. നോമ്പുകാലമായതിനാല്‍ വലിയ കച്ചവടം പ്രതീക്ഷിച്ചെത്തിയവര്‍ മുഴുവന്‍ നിരാശരായി. ചന്ത തലേന്ന് സാധാരണയായി ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നൂറ് കണക്കിന് വാഹനങ്ങളും അതിലെ തൊഴിലാളികളും ഈ ആഴ്ച എത്തിയല്ല. വന്നത് വെറും 84 വാഹനങ്ങള്‍. ഇവര്‍ക്ക് ഭക്ഷണം വിളമ്പാന്‍ മാത്രം തുറക്കുന്ന ചെറുകടക്കാര്‍ക്കുള്‍പടേ ചന്ത പ്രതീക്ഷിച്ചു ജീവിക്കുന്ന നൂറ് കണക്കിനാളുകളുടെ ജീവിതത്തില്‍ ഈ ആഴ്ച വറുതിയേടാതായി. ഇനി ഈ വറുതിക്കറുതിയുണ്ടാകുമോ എന്ന് ഇവര്‍ക്കറിയുകയുമില്ല. കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങിളില്‍നിന്നാണ് കൂടുതല്‍ മാടുകള്‍ ഇവിടെയെത്താറുള്ളത്. അതിര്‍ത്തികളിലുണ്ടാായേക്കാവുന്ന കയ്യേറ്റങ്ങള്‍ ഭയന്നാണ് പലരും ഇക്കുറി ചന്ത ഒഴിവാക്കിയത്. വന്ന മാടുകളേയാകട്ടെ പൊള്ളുന്ന വിലയ്ക്കാണ് കച്ചവടം നടന്നതും. അതുകൊണ്ട് തന്നെ പെരുന്നാള്‍ ദിനങ്ങളില്‍ പോത്തിറച്ചിക്ക് തീ പാറുന്ന വിലയുണ്ടാകുമെന്നാണ് കരുതുന്നത്. ചന്തയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് എന്താണ് പറയേണ്ടതന്നറിയുന്നില്ല. ഒന്നു മാത്രം ഇത് തങ്ങളുടെ ജീവിതമാണ്. ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ നിരവധിപേരുണ്ട്. വണ്ടിക്കാര്‍, തട്ടുകടക്കാര്‍, തോല്‍, എല്ല് വ്യാപാരികള്‍...ഇത് ഒരു തൊഴില്‍ മേഖല തന്നെയാണ്. എന്തിന്റെ പേരിലായാലും ഈ നിയമം ബാധിക്കുന്നത് സാധാരണക്കാരെയാണ് എന്നത് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ചന്തയിലെ വിപണനക്കാരില്‍ ആവശ്യമുയരുന്നു.
Next Story

RELATED STORIES

Share it