കനയ്യയുടെ ജാമ്യം: നാളെ വിധി പറയും

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി മാര്‍ച്ച് രണ്ടിനു വിധി പറയും. കനയ്യക്കെതിരേ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളെ കോടതി ചോദ്യംചെയ്തു.പരിപാടിയില്‍ ജെഎന്‍യുവിനു പുറത്തുനിന്നെത്തിയവര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കനയ്യ എങ്ങിനെ ഉത്തരവാദിയാവുമെന്ന് ജസ്റ്റിസ് പ്രതിഭാറാണി ചോദിച്ചു.
കനയ്യക്കെതിരേ രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍ ആവശ്യമായ തെളിവുകളൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. കനയ്യക്കെതിരേ വ്യക്തമായ തെളിവുകളില്ലെന്നും അദ്ദേഹത്തിനു ജാമ്യം അനുവദിക്കണമെന്നും ഡല്‍ഹി സര്‍ക്കാരും കോടതിയെ അറിയിച്ചു. എന്നാല്‍, ജാമ്യം നല്‍കുന്നതിനെ ഡല്‍ഹി പോലിസ് എതിര്‍ത്തു.
എന്നാല്‍ പോലിസില്‍ കീഴടങ്ങിയ ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനര്‍ബന്‍ ഭട്ടാചാര്യ എന്നിവരുടെ പോലിസ് കസ്റ്റഡി ഡല്‍ഹി കോടതി ഒരു ദിവസം കൂടി നീട്ടി. രണ്ടുപേരെയും ഒരു ദിവസം കൂടി ചോദ്യം ചെയ്യണമെന്ന് കേസ് അന്വേഷിക്കുന്ന പോലിസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റിമാന്‍ഡ് നീട്ടിയത് ഫെബ്രുവരി 9ന് ജെഎന്‍യുവില്‍ നടന്ന വിവാദ ചടങ്ങില്‍ പുറത്തുനിന്നുള്ളവരടക്കം 22 പേര്‍ പങ്കെടുത്തതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. അതേസമയം സര്‍വകലാശാലയില്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി പുതിയ റെക്റ്ററെ നിയമിച്ചു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ പ്രഫസര്‍ ചിന്താമണി മൊഹപത്രയാണ് പുതിയ റെക്റ്റര്‍.
Next Story

RELATED STORIES

Share it