Flash News

കനത്ത സുരക്ഷയ്ക്കിടെ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിച്ചു



ബംഗളൂരു: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചു. 18ാം നൂറ്റാണ്ടിലെ മൈസൂര്‍ സാമ്രാജ്യത്തിന്റെ ഭരണാധിപനായിരുന്ന ടിപ്പു സുല്‍ത്താന്റെ ജന്മദിനം സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുന്നതിനെതിരേ സംഘപരിവാര സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധമുയര്‍ത്തിയിരുന്നു. ബംഗളൂരു ജില്ലാ ആസ്ഥാനത്ത് പോലിസുകാരും കര്‍ണാടക സ്‌റ്റേറ്റ് റിസര്‍ച്ച് പോലിസ് സേനയും ദ്രുതകര്‍മ സേനയും അടങ്ങുന്ന 54,000ത്തിലധികം പേരാണു സുരക്ഷയൊരുക്കിയത്. ചടങ്ങില്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ടിപ്പുസുല്‍ത്താന്റെ ഭരണകാലയളവിനെ പ്രശംസിച്ചു.ടിപ്പുജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം മുമ്പ് കനത്ത സംഘര്‍ഷം നടന്ന കുടക് ജില്ലയില്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിനു കല്ലെറിഞ്ഞ സംഭവത്തില്‍ കുടക് ജില്ലയില്‍ ബിജെപി എംഎല്‍എ അപ്പാരഞ്ചന്‍ ഉള്‍പ്പെടെ 100ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ടിപ്പു ജയന്തി വിരോധ മുന്നണി ഇന്നു കുടക് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കര്‍ണാടകയിലെ കുടക്, ഉഡുപ്പി ജില്ലകളില്‍ സുരക്ഷ ശക്തമാക്കി. ഉഡുപ്പിയില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നസാധ്യത കണക്കിലെടുത്തു കല്‍ബുര്‍ഗി ജില്ലയിലെ സര്‍ക്കാര്‍ ഇതര സംഘടനകളുടെ ടിപ്പു ജയന്തി ആഘോഷം പോലിസ് വിലക്കി. ബേലഗാവി, ചിത്രദുര്‍ഗ ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. മംഗലാപുരത്തു ടിപ്പുജയന്തി ആഘോഷം നടക്കുന്ന സ്ഥാലത്തേക്കു പോലിസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ബിജെപി ജില്ലാ ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ഫ്രാങ്കഌന്‍ മൊണേട്ടിഗോയെ അറസ്റ്റ് ചെയ്തു. ആഘോഷ പരിപാടികളില്‍ ബിജെപി എംഎല്‍എമാരും എംപിമാരും വിട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. ബിജെപി വിജയനഗര എംഎല്‍എയായ ആനന്ദ്‌സിങ് ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. 2015 മുതലാണു കര്‍ണാടകയില്‍ ടിപ്പുജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. കനത്ത സുരക്ഷാ വലയത്തിലാണു കഴിഞ്ഞവര്‍ഷം ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരേ ശക്തമായി പോരാടിയ ടിപ്പുസുല്‍ത്താനെ അക്രമിയായി ചിത്രീകരിച്ച് അടുത്തിടെ സംഘപരിവാര ശക്തികള്‍ മുന്നോട്ടുവന്നിരുന്നു.
Next Story

RELATED STORIES

Share it