thrissur local

കനത്ത മഴ: നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

തൃശൂര്‍: കഴിഞ്ഞ രാത്രി പെയ്ത കനത്തമഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ദിവാന്‍ജിമൂല റെയില്‍വേ കോളനി, ശക്തന്‍സ്റ്റാന്റ് പരിസരം, മുണ്ടുപാലം ജങ്്ഷന്‍, അശ്വിനി ആശുപത്രി പരിസരം, ചേറൂര്‍, പെരിങ്ങാവ് ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.
വെള്ളം ഒഴുകിപ്പോവാനുള്ള ഓടകളും തോടുകളും മണ്ണും മാലിന്യവും നിറഞ്ഞുകിടക്കുന്നതാണ് ദുരിതം വിതച്ചത്. ഓടകളും തോടുകളും വൃത്തിയാക്കുന്നതിലുണ്ടായ കാലതാമസമാണ് സ്ഥിതി രൂക്ഷമാക്കിയത്. റെയില്‍വേ സ്‌റ്റേഷനരികെയുള്ള പ്രദേശത്തുള്ള അമ്പതോളം കുടുംബങ്ങളാണ് വെള്ളക്കെട്ടിന്റെ ദുരിതങ്ങളില്‍ വലഞ്ഞത്. രാത്രി പത്തോടെ രൂപപ്പെട്ട വെള്ളക്കെട്ട് പുലര്‍ച്ചെയോടെയാണ് ഒഴിഞ്ഞുപോയത്. റെയില്‍വേ കോളനിയുടെ മുമ്പിലൂടെയുള്ള ഓട നിറഞ്ഞ് കവിഞ്ഞായിരുന്നു വീടുകളില്‍ വെള്ളം കയറിയത്. പത്തുമാസം പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളുമായി വെള്ളം കയറിയ വീട്ടില്‍ നേരംപുലരും വരെ കഴിച്ചുകൂട്ടിയ വിജയലക്ഷ്മിക്ക് ദുരിത രാത്രിയായിരുന്നു. അമ്പതോളം വീടുകളാണ് റെയില്‍വേ കോളനിയില്‍ വെള്ളത്തിലായത്. അശ്വിനി ജങ്ഷന്‍ മേഖലയിലെ വെള്ളക്കെട്ട് ഏറെ വൈകിയാണ് പരിഹരിച്ചത്. സമീപത്തെ അഴുക്കുചാല്‍ മാലിന്യമടിഞ്ഞ് നിറഞ്ഞതിനാല്‍ വെള്ളം ഒഴുകിപ്പോവാനാവാതെ വന്നതാണ് ഇവിടെയും വെള്ളക്കെട്ടുണ്ടാക്കിയത്. മലന ജലം കെട്ടി നിന്നതോടെ നഗരപ്രദേശങ്ങള്‍ പകര്‍ച്ച വ്യാധി ഭീതിയിലായി.
മഴക്കാല പൂര്‍വ ശുചീകരണം നടക്കാത്തതാണ് നഗരത്തില്‍ മാലിന്യം കുമിഞ്ഞു കുടാന്‍ ഇടയാക്കിയത്. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിറയുക സ്വാഭാവികമാണ്. എന്നാല്‍ കാനകളിലൂടെയും തോടുകളിലൂടെയും വെള്ളത്തിന് ഒഴുകിപ്പോവാന്‍ കഴിയാതെ വെള്ളക്കെട്ടുണ്ടാവുകയും സമീപത്തുള്ള കെട്ടിടങ്ങളിലേക്കും മറ്റും വെള്ളം കയറുന്ന സാഹചര്യമുണ്ടാകുന്നത് കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥകൊണ്ട് മാത്രമാണ്. യഥാസമയം ഓടകളും കാനകളും വൃത്തിയാക്കിയിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ വെള്ളക്കെട്ട് ദുരിതങ്ങള്‍ ഒഴിവാക്കാമായിരുന്നു.
മഴക്കാലം വരാന്‍ പോകുന്നതിന്റെ സാമ്പിള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. മഴക്കാലത്തിനു മുമ്പേ തോടുകളും കാനകളും വൃത്തിയാക്കുന്നതില്‍ അധികൃതര്‍ ഇനിയും മടി തുടര്‍ന്നാല്‍, പകര്‍ച്ചവ്യാധികളുടെ കേളീരംഗമായി തൃശൂര്‍ നഗരം മാറുമെന്നതില്‍ സംശയമില്ല.
Next Story

RELATED STORIES

Share it