kannur local

കനത്ത കാറ്റിലും മഴയിലും നാശനഷ്ടങ്ങള്‍ തുടരുന്നു

കണ്ണൂര്‍: ജില്ലയില്‍ കാറ്റിനോടൊപ്പം കനത്ത മഴ തുടരുന്നു. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കനത്ത മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. മലയോര മേഖലയില്‍ പലയിടത്തും മണ്ണിടിച്ചലുമുണ്ട്. വിദ്യാലയങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഔദ്യോഗികമായി അവധി നല്‍കിയിട്ടില്ലെങ്കിലും മഴ പേടിച്ച് കുട്ടികള്‍ സ്‌കൂളില്‍ പോവാതിരിക്കുന്ന സംഭവങ്ങളും നിരവധിയാണ്.
മഴ ശക്തമാവുന്ന വേളകളില്‍ ഉച്ചയോടെ പലയിടത്തും സ്‌കൂളുകള്‍ വിടുകയാണ്. കനത്ത മഴയും നാശനഷ്ടവും തുടരുന്ന കൊട്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ അങ്കണവാടികള്‍ക്കും സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ ഇന്നലെ അവധി നല്‍കി. ഇന്നലെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ഇരിക്കൂറിലെ മാപിനിയിലാണ്-46.0 മില്ലി മീറ്റര്‍.
തളിപ്പറമ്പ്-31.4 മില്ലി മീറ്റര്‍, തലശ്ശേരി-31.0, കണ്ണൂര്‍-26.8 മില്ലി മീറ്ററും മഴ രേഖപ്പെടുത്തി. മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ കാറ്റ് ജില്ലയില്‍ വ്യാപക നാശം വിതച്ചു. നിരവധി വീടുകള്‍ മരംവീണ് തകര്‍ന്നു. പലയിടത്തും റോഡിലേക്ക് മരംകടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ആഞ്ഞുവീശിയ കാറ്റില്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകിയും വീടുകള്‍ക്ക് മുകളില്‍ പതിച്ചും മേല്‍ക്കൂര പറന്നുപോയുമാണ് ഏറെയും നാശനഷ്ടമുണ്ടായത്.
11 കെവി ലൈനിലേക്ക് മരങ്ങള്‍ വീണതിനാല്‍ വൈദ്യുതിബന്ധം വ്യാപകമായി താറുമാറായി. വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞുവീണും ലൈനുകള്‍ പൊട്ടിണും പല ഗ്രാമങ്ങളും ദിവസങ്ങളോളം ഇരുട്ടിലാണ്. വാരം തിലാനൂര്‍ സത്രത്തിനടുത്ത്  അനാദിക്കടയും ക്ലബ്ബും പ്രവര്‍ത്തിക്കുന്ന കെട്ടിടം തകര്‍ന്ന് കടയുടമ മുഹമ്മദടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.
കടമ്പൂരില്‍ വീട്ടുകിണര്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും 19, 20, 21 തിയ്യതികളില്‍ കനത്ത മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Next Story

RELATED STORIES

Share it