kozhikode local

കത്ത് കത്തിച്ച് പ്രതിഷേധം

വടകര: തപാല്‍ വകുപ്പിലെ ജിഡിഎസ്ജീവനക്കാര്‍ നടത്തുന്ന അനിശ്ചിത കാല സമരം പത്താം ദിവസത്തിലേക്ക്.   സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം അയച്ച കത്ത് വടകര ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ജീവനക്കാര്‍ അഗ്‌നിക്കിരയാക്കി പ്രതിഷേധിച്ചു. ജിഡിഎസ് ജീവനക്കാരുടെ സേവനവേതന നിരക്കില്‍ വര്‍ധനവ് ശുപാര്‍ശ ചെയ്തുള്ള കലമേഷ് ചന്ദ്ര റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ നിര്‍ദേശങ്ങളൊന്നും തന്നെയില്ലാത്ത കത്താണ് ജീവനക്കാര്‍ കത്തിച്ചത്. പോസ്റ്റ് ഓഫിസുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിര്‍ണായകമായ കാര്യങ്ങള്‍ നടപ്പിലാക്കുന്ന സമയത്തുള്ള സമരം വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് കത്തില്‍ പറയുന്നു. അതേസമയം എന്ന് മുതല്‍ റിപോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പോസ്റ്റല്‍ സെക്രട്ടറി എഎന്‍ നന്ദ ഒപ്പിട്ട കത്ത് അഗ്‌നിക്കിരയാക്കിയത്. ഡാക് സേവക് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനാണ് സമരം. പ്രധാന തപാല്‍ യൂണിയനുകള്‍ നടത്തുന്ന സമരത്തിന് ഇപ്പോള്‍ മറ്റു ട്രേഡ് യൂനിയനുകളും പിന്തുണ നല്‍കിയിട്ടുണ്ട്. സമരം സമരം തുടങ്ങി പത്താം ദിവസത്തിലേക്ക് കടന്നിട്ടും പരിഹാരം കാണാതായതോടെ തപാല്‍ ഓഫിസുകളില്‍ എത്തിച്ചേര്‍ന്ന പല സാധനങ്ങളും ലഭിക്കാതെ പൊതുജനങ്ങള്‍ വലയുകയാണ്.
പാസ്‌പോര്‍ട്ട് അടക്കമുള്ള പ്രധാന രേഖകള്‍ നല്‍കാനാവാതെ ഓഫിസുകളില്‍ കിടക്കുകയാണ്. വടകര ആര്‍എംഎസ് ഓഫിസുകളില്‍ ചാക്കുകണക്കിന് ഉരുപ്പടികളാണ് കെട്ടിക്കിടക്കുന്നത്.
കിടപ്പുരോഗികള്‍ക്കുള്ള പെന്‍ഷന്‍, ഇന്റര്‍വ്യു കത്തുകള്‍, തപാല്‍ സേവിങ്‌സ് ബാങ്ക് ഇടപാടുകള്‍, ബാങ്ക് എടിഎം കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് രേഖകള്‍ തുടങ്ങിയവയുടെ തടസം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല.
Next Story

RELATED STORIES

Share it