കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. രാഷ്ട്രീയ പ്രേരിതമായാണ് തന്നെ സിബിഐ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. മുന്‍കൂര്‍ജാമ്യം തേടി തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജി തള്ളിയ സാഹചര്യത്തിലാണ് ഇതിനെതിരേ ക്രിമിനല്‍ അപ്പീലായി ജാമ്യഹരജി നല്‍കിയിരിക്കുന്നത്.
യുഎപിഎ ചുമത്തിയിരിക്കുന്നതിനാല്‍ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചനയാണ് കേസെന്നും തെളിവുകളില്ലാതെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. മനോജ് വധക്കേസില്‍ ഒന്നാംപ്രതിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാരോ പിച്ചാണ് സിബിഐ 25ാംപ്രതിയാക്കിയിരിക്കുന്നത്. ഈ കേസിലെ സാക്ഷിയായ വി ശശിധരന്റെ നേത്യത്വത്തില്‍ 2009ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെ വധിക്കാന്‍ ശ്രമം നടത്തി. മാരകമായി പരിക്കേറ്റ താനിപ്പോള്‍ വികലാംഗനാണ്.
1997 മുതല്‍ തനിക്കായി സര്‍ക്കാര്‍ ഗണ്‍മാനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തന്നോടൊപ്പം എപ്പോഴും ഗണ്‍മാനുണ്ടാവാറുണ്ട്. തനിക്ക് മനോജ് വധക്കേസില്‍ പങ്കുണ്ടോയെന്ന് അറിയുന്നതിനായി ഗണ്‍മാനെ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരവധി തവണ ചോദ്യംചെയ്തിട്ടുണ്ട്. എന്നിട്ടും നിരപരാധിയായ തന്നെ ബോധപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നു. പൊതുരംഗത്തെ നിസ്വാര്‍ഥ സേവനത്തിലൂടെ പൊതുജനങ്ങളുടെ അംഗീകാരം നേടിയ തന്റെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണിത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേസില്‍ തന്നെ പ്രതിചേര്‍ത്തത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യുഎപിഎ) നിയമപ്രകാരം കേസ് ചുമത്താന്‍ മതിയായ കുറ്റം ആരോപണങ്ങളില്‍ പോലുമില്ലെന്ന് ഹരജിയില്‍ പറയുന്നു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് നിയമപരമല്ല. സെഷന്‍സ് കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും അതിനാ ല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ഹൈക്കോടതി ഹരജി പിന്നീട് പരിഗണിക്കും.
Next Story

RELATED STORIES

Share it