കണ്ണൂര്‍ വിമാനത്താവളം: പരീക്ഷണപ്പറക്കല്‍ ഇന്ന്

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് ആദ്യവിമാനം പറന്നിറങ്ങും. പരീക്ഷണപ്പറക്കലിന്റെ ഭാഗമായി സ്വകാര്യ കമ്പനിയുടെ കോഡ് ബി വിമാനമാണ് രാവിലെ ഒമ്പതോടെ ബംഗളൂരുവില്‍നിന്ന് കണ്ണൂരിലെത്തുക. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങും വിമാനത്താവളത്തിന്റെ നാമകരണവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
മന്ത്രിമാരായ കെ സി ജോസഫ്, കെ പി മോഹനന്‍, കെ ബാബു തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുക്കും. പൊതുബജറ്റ് നടക്കുന്നതിനാല്‍ കേന്ദ്രമന്ത്രിമാര്‍ ഉണ്ടാവില്ല.
വിഐപികളെ വരവേല്‍ക്കുന്നതിന് പദ്ധതിപ്രദേശത്തെ എപ്രണില്‍ പ്രത്യേക വേദി സജ്ജമാക്കി. എന്നാല്‍, പരീക്ഷണപ്പറക്കല്‍ച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് എല്‍ഡിഎഫും ബിജെപിയും അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരെ ഒഴിവാക്കി പരിപാടി കോണ്‍ഗ്രസ് മേളയാക്കിയെന്നും പണി പൂര്‍ത്തിയാവാതെ പരീക്ഷണപ്പറക്കല്‍ നടത്തുന്നത് രാഷ്ട്രീയലാഭത്തിനു വേണ്ടിയാണെന്നും ആരോപിച്ചാണ് ബഹിഷ്‌കരണം.
10 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന കോഡ് ബി വിമാനത്തില്‍ പൈലറ്റും കിയാലിന്റെ രണ്ട് ഉദ്യോഗസ്ഥരും മാത്രമാണ് ഉണ്ടാവുക. പ്രതിരോധവകുപ്പിന്റെ വിമാനമാണ് ഉപയോഗിക്കാന്‍ നേരത്തേ തീരുമാനിച്ചതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കുകയായിരുന്നു. കോഡ് ബി വിമാനത്തിന് പുറമേ എംകെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം എ യൂസുഫലിയുടെ വിമാനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരുമെത്തുന്ന ഹെലികോപ്റ്ററുമാണ് പദ്ധതിപ്രദേശത്ത് ഇറങ്ങുക.
വിമാനം പറന്നിറങ്ങുന്നതിന് റണ്‍വേ പ്രത്യേകം മാര്‍ക്ക് ചെയ്ത് സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളെ റണ്‍വേയിലേക്ക് കടത്തിവിടില്ല. ബഹിഷ്‌കരണവും പ്രതിഷേധവും കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. 1,892 കോടി രൂപയാണ് വിമാനത്താവളത്തിന്റെ പദ്ധതിച്ചെലവ്.
Next Story

RELATED STORIES

Share it