kannur local

കണ്ണൂരില്‍ വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ (തൊണ്ടമുള്ള്) സ്ഥിരീകരിച്ചു. പുഴാതി പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലെ അത്താഴക്കുന്നില്‍ 13 വയസുകാരനാണ് രോഗബാധ. തൊണ്ടവേദനയുമായി ഇക്കഴിഞ്ഞ 22ന് ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തിയതായിരുന്നു. ഡിഫ്തീരിയ ലക്ഷണം കാണപ്പെട്ടതിനാല്‍ സാംപിളെടുത്ത് ആരോഗ്യവകുപ്പിന്റെ തിരുവനന്തപുരത്തെ ലബോറട്ടറിയിലേക്ക് വിദഗ്ധ പരിശോധനയ്ക്കയച്ചു. ഇവിടെ നടന്ന പരിശോധനയിലാണ്  ഡിഫ്തീരിയ സ്ഥിരീകരിച്ചത്. രോഗം പ്രാഥമിക ഘട്ടത്തിലായതിനാല്‍ കുട്ടി അപകടനില തരണം ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കുട്ടിക്ക് നേരത്തെ ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവയ്പുകള്‍ ഭാഗികമായി മാത്രമാണു നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രോഗപ്പകര്‍ച്ച തടയുന്നതിനായി പ്രദേശത്തും കുട്ടി പഠിക്കുന്ന സ്‌കൂളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആവശ്യത്തിന് ‘ആന്റി ടോക്‌സിന്‍’ മരുന്നുകള്‍ വിതരണം ചെയ്തു. ഇക്കഴിഞ്ഞ ഡിസംബറില്‍ പേരാവൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഡിഫ്തീരിയ ബാധിച്ച് മരണപ്പെട്ടിരുന്നു. വിദ്യാര്‍ഥിനിക്ക് നേരത്തെ പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തിരുന്നെങ്കിലും പ്രതിരോധശക്തി കുറഞ്ഞതാണ് മരണത്തിനു കാരണം. 2016 ജൂലൈയില്‍ പെരിങ്ങത്തൂരില്‍ ഏഴുവയസ്സുകാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു.
Next Story

RELATED STORIES

Share it