kannur local

കണ്ണൂരില്‍ വീണ്ടും കടകള്‍ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കണ്ണൂര്‍: നഗരമധ്യത്തില്‍ അര്‍ധരാത്രിയില്‍ വീണ്ടും തീപ്പിടിത്തം. പഴയ ബസ് സ്റ്റാന്റിനു സമീപത്തെ രണ്ട് കടകള്‍ പൂര്‍ണമായും കത്തനശിച്ചു. ചക്കരക്കല്ല് സ്വദേശി പി ഷുക്കൂറിന്റെ സര്‍ദാര്‍ ടൈംസ് വാച്ച്കട, ചാലയിലെ നവാസിന്റെ ഉടമസ്ഥതയിലുള്ള താജു ഇലക്‌ട്രോണിക്‌സ് എന്നിവയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കത്തിനശിച്ചത്.
കടകളിലെ സാധനങ്ങള്‍ പൂര്‍ണമായും അഗ്നിക്കിരയായി. കെട്ടിടത്തിന്റെ ആസ്ബസ്‌റ്റോസ് ഷീറ്റുകളും ഫര്‍ണിച്ചറുകളുമെല്ലാം കത്തിനശിച്ചു. ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നു കടയുടമകള്‍ പരാതിപ്പെട്ടു. എന്നാല്‍ മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണ് ഫയര്‍ഫോഴ്‌സ് കണക്കാക്കിയത്.
കടയുടെ മുന്‍ഭാഗത്തെ കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്ന ജോസ് എന്ന മധ്യവയസ്‌കന്‍ കടയില്‍ നിന്നു പുക ഉയരുന്നത് കണ്ട് സമീപത്തെ ബിഎസ്എന്‍എല്‍ ഓഫിസിലെ സെക്യൂരിറ്റി ജീവനക്കാരനെ അറിയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് യൂനിറ്റ് സേനയെത്തിയാണ് തീയണച്ചത്. കടകള്‍ക്കു പിന്നില്‍ കൂട്ടിയിട്ട ചവറുകള്‍ക്ക് തീയിട്ടതില്‍ നിന്നു പടര്‍ന്നതാണെന്നാണു പോലിസ് നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശിയെ ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മന്ത്രി കെ സി ജോസഫ്, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, കെ പ്രമോദ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി ശശീന്ദ്രന്‍, വ്യാപാരി വ്യവസായി സമിതി നേതാക്കളായ കെ വി സലീം, ഋഷീന്ദ്രന്‍ നമ്പ്യാര്‍, മാലോട്ട് ഫൈസല്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
ഇക്കഴിഞ്ഞ ജനുവരി ഒന്നിനു രാത്രി 1.30ഓടെ നഗരത്തിലെ പിള്ളയാര്‍കോവിലിനു സമീപത്തെ ബേക്കറിയും ബാഗ് ഷോപ്പും കത്തിനശിച്ചിരുന്നു.ബേക്കറിയിലെ റഫ്രിജറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണം. അന്ന് അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.
Next Story

RELATED STORIES

Share it