കണ്ണൂരില്‍ തടവുകാര്‍ക്ക് അധികൃതരുടെ വഴിവിട്ട സഹായം

കണ്ണൂര്‍: കൊടും കുറ്റവാളികളെയും രാഷ്ട്രീയ കൊലക്കേസ് പ്രതികളെയും പാര്‍പ്പിച്ചിരിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് അധികൃതര്‍ വഴിവിട്ട സഹായം നല്‍കുന്നതിന്റെ തെളിവുകള്‍ പുറത്ത്. ജയിലിനകത്തേക്ക് മതിലിന് മുകളിലൂടെ രണ്ടുപേര്‍ മദ്യക്കുപ്പി എറിഞ്ഞുകൊടുക്കുന്ന വീഡിയോ ദൃശ്യം സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ ലഭിച്ച ശേഷം നടത്തിയ അന്വേഷണത്തില്‍ മദ്യത്തിന് പുറമെ മയക്കുമരുന്നും മൊബൈല്‍ ഫോണും ഇത്തരത്തില്‍ ലഭിക്കുന്നതായി ബോധ്യമായി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ ഉത്തരവിട്ടു.
രാഷ്ട്രീയ അക്രമങ്ങളില്‍ പ്രതികളായ 200 പേരുള്‍പ്പെടെ 1100ഓളം തടവുകാരുണ്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. രാഷ്ട്രീയ തടവുകാരാണെങ്കില്‍ ജയിലധികൃതരില്‍ നിന്ന് മുന്തിയ പരിഗണന ലഭിക്കും. പാര്‍ട്ടി പ്രവര്‍ത്തനത്തിനും പൂര്‍ണ സ്വാതന്ത്ര്യം. ചോദ്യം ചെയ്യുന്നവരെ മര്‍ദിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാന്‍ ജീവനക്കാര്‍ക്കും ഭയമാണ്. ടി പി വധക്കേസ് പ്രതികളുടെ കൈയില്‍നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 43 തവണ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. കൂടാതെ, ജയില്‍ ഉദ്യോഗസ്ഥരെയും സഹതടവുകാരെയും തല്ലിയതിനും കഞ്ചാവ് കണ്ടെത്തിയതിനുമായി 10ഓളം കേസുകള്‍ ഇവര്‍ക്കെതിരേയുണ്ട്.
നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎമ്മിന്റെ മിനി പാര്‍ട്ടി ഗ്രാമമായിരുന്നു എട്ടാം ബ്ലോക്ക്. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയില്‍ സന്ദര്‍ശിക്കുകയും എട്ടാം ബ്ലോക്ക് പൂട്ടുകയും ചെയ്തു. 72 തടവുകാരെയാണ് ഇവിടെനിന്ന് മാറ്റിയത്. അന്ന് എട്ടാം ബ്ലോക്ക് പൂട്ടുന്നതിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ പുതിയ സര്‍ക്കാര്‍ വന്നയുടന്‍ സ്ഥലംമാറ്റി. പഴയ എട്ടാം ബ്ലോക്കിന്റെ മാതൃകയില്‍ മൂന്നാം ബ്ലോക്കില്‍ സിപിഎം തടവുകാരുടെ പുതിയ കേന്ദ്രം പിറവിയെടുത്തു. മൂന്നാം ബ്ലോക്ക് ചുവപ്പാണെങ്കില്‍ സെന്‍ട്രല്‍ ജയില്‍ അനക്‌സിലെ സി, ഡി ബ്ലോക്കുകള്‍ കാവിയാണ്- ബിജെപി തടവുകാരുടെ കേന്ദ്രം. ജയിലില്‍ സിപിഎം-ബിജെപി സംഘര്‍ഷമൊഴിവാക്കാന്‍ ബിജെപി അനുഭാവികളായ തടവുകാരെ ജില്ലാ ജയിലിനായി നിര്‍മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ജയില്‍ അനക്‌സിലാണു പാര്‍പ്പിക്കുന്നത്. സന്ദര്‍ശകരെ നിയന്ത്രിക്കാനോ നിരീക്ഷിക്കാനോ പ്രത്യേക സംവിധാനങ്ങള്‍ ഇല്ല. സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിന് മൊബൈല്‍ ഡിറ്റക്ടറുകളും രാത്രിയില്‍ ആളനക്കം കണ്ടെത്തുന്നതിന് ലേസര്‍ സ്‌കാനറുകളും സ്ഥാപിക്കാന്‍ 2017 സപ്തംബറില്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഇപ്രകാരം സംസ്ഥാനത്തെ 18 ജയിലുകളില്‍ 12 കോടിയോളം രൂപ ചെലവഴിച്ച് സിസിടിവി കാമറ സ്ഥാപിച്ചെങ്കിലും പലതും പ്രവര്‍ത്തനരഹിതമാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1,37,43,461 രൂപ വിനിയോഗിച്ചാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍ തടവുകാര്‍ ജാമറുകളില്‍ ഉപ്പിട്ട് നശിപ്പിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗം പുനരാരംഭിക്കുകയായിരുന്നു.
മൊബൈല്‍ ഫോണിലൂടെ തടവുകാരുമായി ബന്ധപ്പെട്ട ശേഷമാണ് പുറത്തുനിന്നുള്ളവര്‍ സാധനങ്ങള്‍ എത്തിക്കുന്നത്. ചെരുപ്പുകളില്‍ ഒളിപ്പിച്ചാണ് സിം കാര്‍ഡുകളും ഫോണും എത്തിക്കുക. ജില്ലാ ജയിലിനടുത്ത വിജനമായ സ്ഥലത്തുനിന്ന് സ്‌പെഷ്യല്‍ സബ്ജയിലിലേക്കു പോവുന്ന ഭാഗത്തെ മതിലിന് മുകളിലൂടെയാണ് മദ്യവും ബീഡിയും കഞ്ചാവ് പൊതികളും എറിഞ്ഞുകൊടുക്കുന്നത്. ഇതിനു തടയിടാന്‍ ആ ഭാഗത്ത് പുതുതായി ചപ്പാത്തി കൗണ്ടര്‍ തുടങ്ങിയെങ്കിലും മദ്യക്കടത്തിന് കുറവില്ല.
Next Story

RELATED STORIES

Share it