kannur local

കണ്ണൂരില്‍ ഡ്രൈവിങ് സ്‌കൂളിന്റെ എട്ടു വാഹനങ്ങള്‍ തകര്‍ത്തു

കണ്ണൂര്‍: അര്‍ധരാത്രിയില്‍ കണ്ണൂര്‍ നഗരഹൃദയത്തില്‍ അക്രമിയുടെ വിളയാട്ടം. ചേംബര്‍ ഹാളിനടുത്ത തായെത്തെരു റോഡിലെ യുക്തി ഡ്രൈവിങ് സ്‌കൂളിന്റെ എട്ടു വാഹനങ്ങള്‍ അജ്ഞാതര്‍ തകര്‍ത്തു. അര്‍ധരാത്രിക്കു ശേഷമാണ് സംഭവം. ഡ്രൈവിങ് സ്‌കൂളിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 59 ഡി 7678 മാരുതി കാര്‍, ഓട്ടോറിക്ഷ, സ്‌കൂട്ടറുകള്‍ എന്നിവയാണു തകര്‍ത്തത്.
കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ടയറുകള്‍ കുത്തിക്കീറുകയും ചെയ്തു. സ്‌കൂളിനു പിന്നിലെ മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മറിച്ചിട്ട നിലയിലും, ഇരുചക്ര വാഹനങ്ങളിലെ പെട്രോള്‍ ടാങ്കുകളില്‍ പെയിന്റും മണലും വാരിയിട്ട് കാട്ടില്‍ തള്ളിയ നിലയിലുമാണ്. തകര്‍ത്ത എല്ലാം വാഹനങ്ങളുടെയും ടയറുകളും കുത്തിക്കീറിയിട്ടുണ്ട്. ഓഫിസിനു വെളിയിലുണ്ടായിരുന്ന മേശയും തകര്‍ത്തു.
ഇതിനടുത്തായി വ്യാപാര സ്ഥാപനങ്ങളും പത്ര ഓഫിസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ ഡ്രൈവിങ് പരിശീലനത്തിന് ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് വാഹനങ്ങള്‍ തകര്‍ത്തതു ശ്രദ്ധയില്‍പ്പെട്ടത്. കുറ്റിയാട്ടൂരിലെ നിതിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഡ്രൈവിങ് സ്‌കൂള്‍ സംഘടനയായ ഇന്‍സ്ട്രക്‌റ്റേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സാരഥി സുരേന്ദ്രന്‍ പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it