കണ്ണൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

പേരാവൂര്‍ (കണ്ണൂര്‍): ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) ബാധിച്ച് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പേരാവൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിനിയും മണത്തണ വളയങ്ങാട്ട് സ്വദേശിനിയുമായ ശ്രീപാര്‍വതി (14)യാണു മരിച്ചത്. വളയങ്ങാട്ടെ കുന്നത്ത് കുലോത്ത് ഉദയന്‍-തങ്കമണി ദമ്പതികളുടെ മകളാണ്. ആദര്‍ശ് ഏക സഹോദരനാണ്.
ദിവസങ്ങള്‍ക്കു മുമ്പു സ്‌കൂളില്‍ നിന്ന് ബംഗളൂരുവില്‍ വിനോദയാത്ര പോയി തിരിച്ചെത്തിയ ശേഷം കുട്ടിക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നാണു ചികില്‍സ തേടിയത്. രോഗം മൂര്‍ച്ഛിച്ചതിനാല്‍ കോഴിക്കോട്ടേക്കു മാറ്റി. വിദഗ്ധ പരിശോധനയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ച കുട്ടിക്ക് ആന്റി ടോക്‌സിന്‍ മരുന്ന് എത്തിച്ചുനല്‍കിയെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണപ്പെട്ടു. വിദ്യാര്‍ഥിനിക്കു നേരത്തെ ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവയ്പുകളെല്ലാം എടുത്തിരുന്നു.
സംഭവത്തെ തുടര്‍ന്നു സ്‌കൂളിലും വിദ്യാര്‍ഥിനിയുടെ വീടിനു സമീപത്തെ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിദ്യാര്‍ഥികളടക്കം 100ലധികം പേര്‍ക്കു വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തിരുന്നു.
ജില്ലയില്‍ 2016 ജൂലൈയില്‍ പെരിങ്ങത്തൂരില്‍ ഏഴു വയസ്സുകാരനു ഡിഫ്ത്തീരിയ സ്ഥിരീകരിച്ചിരുന്നെങ്കിലും മരണം റിപോര്‍ട്ട് ചെയ്യുന്നതു വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
Next Story

RELATED STORIES

Share it