kannur local

കണ്ണൂരിനെ മാലിന്യരഹിത ജില്ലയാക്കാന്‍ പദ്ധതി

കണ്ണൂര്‍: കണ്ണൂരിനെ മാലിന്യരഹിത ജില്ലയാക്കാന്‍ പദ്ധതി തയ്യറാക്കുന്നു. ത്രിതല പഞ്ചായത്തുകള്‍, കേരള സ്റ്റേറ്റ് സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെഎംഎസ്എ), ശുചിത്വ മിഷന്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് തീരുമാനം. ഓരോ പഞ്ചായത്തുകളില്‍നിന്നും കെഎംഎസ്എ നേരിട്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്വീകരിക്കും.
ഇതിനായി ചെറിയൊരു തുകയും ഈടാക്കും. വിവിധ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിലവില്‍ ശേഖരിച്ചുവച്ച മാലിന്യങ്ങള്‍ നീക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുക. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് തീരുമാനം. ജൂണ്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ പ്രത്യേക ശുചീകരണം നടത്തും.
രണ്ടിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മൂന്നിന് വീടുകളിലും ശുചീകരണം നടത്തണം. ജില്ലാ ആസൂത്രണ സമിതി ഈ വര്‍ഷം നടപ്പാക്കാന്‍ തീരുമാനിച്ച സംയുക്ത പദ്ധതികളുടെ അവലോകനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നടന്നു.
സുജലം, തരിശുരഹിത ജില്ല, പാലിയേറ്റീവ് സൗഹൃദ ജില്ല, കൈപ്പാട് കൃഷി, പാലിന്റെ ഉല്‍പാദന ബോണസ്, ഇറച്ചിക്കോഴി ഉല്‍പാദനം, കാ ന്‍സര്‍ നിയന്ത്രണ ജില്ല, ഒന്നാംക്ലാസ് ഒന്നാം തരം, കണ്ണൂര്‍ ഫെസ്റ്റ്, വന്യമൃഗ ശല്യം തടയല്‍ എന്നീ 10 സംയുക്ത പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കുക. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ജില്ലാ ആസൂത്രണ സമിതിയംഗങ്ങള്‍, വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍, സെക്രട്ടറി, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it