Flash News

കണ്ടല ലഹളയുടെ ശതാബ്ദി സ്മാരകം ഉദ്ഘാടനം ചെയ്തു ; അക്ഷരവെളിച്ചം തേടി പഞ്ചമിയുടെ പിന്‍മുറക്കാരിയും



തിരുവനന്തപുരം: ആദ്യാക്ഷരം തേടിയെത്തിയ പഞ്ചമിയെ വടിവാളുകളും തീപ്പന്തങ്ങളുമായി എതിരേറ്റിടത്ത് പിന്‍മുറക്കാരി ആതിരയെ വാദ്യഘോഷവും പൂക്കളുമായാണ് സ്വീകരിച്ചത്. ഒരു നൂറ്റാണ്ടു മുമ്പ് അക്ഷരവെളിച്ചം തേടിവന്നപ്പോള്‍ ജാതിയുടെ പേരില്‍ എതിര്‍പ്പ് നേരിടേണ്ടിവന്ന പഞ്ചമിയുടെ പിന്‍മുറക്കാരിയാണ് സംസ്ഥാനതല പ്രവേശനോല്‍സവം നടന്ന ഊരുട്ടമ്പലം സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ഇന്നലെ പ്രവേശനം നേടിയ ആതിര ശ്രീജിത്ത്. കണ്ടല ലഹളയുടെ ശതാബ്ദി സ്മാരകത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍, ആതിരയുടെയും അമ്മയുടെയും സാന്നിധ്യത്തില്‍ നിര്‍വഹിച്ചത് ചരിത്രനിയോഗമായി. അമ്മ ദീപ്തിക്കൊപ്പമാണ് ആതിര എത്തിയത്. ദീപ്തിയും ഇതേ സ്‌കൂളിലാണ് പഠിച്ചത്. മുതുമുത്തശ്ശി പഞ്ചമിയുടെ ശവകുടീരത്തില്‍ പോയി അനുഗ്രഹം വാങ്ങിയ ശേഷമാണ് ആതിര സ്‌കൂളിലെത്തിയത്. പഞ്ചമിയുടെ മകന്‍ ജോണ്‍സന്റെ മകളാണ് ദീപ്തി. അച്ഛന്‍ പറഞ്ഞ് പഴയ കഥകളൊക്കെ കേട്ടിട്ടുണ്ടെന്ന് ദീപ്തി പറഞ്ഞു. 1914ലാണ് പഞ്ചമിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെട്ടത്. അന്ന് ഇവിടെ ഒരു കുടിപ്പള്ളിക്കൂടമായിരുന്നു. അവര്‍ണര്‍ക്ക് വിദ്യാലയ പ്രവേശനത്തിനായി അയ്യന്‍കാളിയുടെ നേതൃത്വത്തിലുള്ള സംഘം പൂജാരി അച്ചന്റെ മകള്‍ പഞ്ചമിയുമായി സ്‌കൂളിലെത്തി. പഞ്ചമിയെ ക്ലാസില്‍ കയറ്റിയിരുത്തിയതോടെയാണ് പ്രശ്‌നങ്ങളുണ്ടായതും ബെഞ്ച് കത്തിച്ചതും. തുടര്‍ന്നാണ് പഠനാവകാശത്തിന്റെ പേരിലുള്ള പോരാട്ടം ശക്തമായത്.
Next Story

RELATED STORIES

Share it