malappuram local

കണക്കില്‍ തിരിമറി: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ അറസ്റ്റില്‍



മലപ്പുറം:  കണക്കില്‍ തിരിമറി കാണിച്ച് പണം തട്ടിയ കേസില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറായിരുന്ന പ്രതി അറസ്റ്റില്‍. കോട്ടയം മറ്റംകര കരിമ്പനി സ്വദേശി കിഴക്കേമുറിയില്‍ രാജേഷ് രാധാകൃഷ്ണന്‍ (29)നെയാണ് മലപ്പുറം സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 2013-14 കാലയളവില്‍ മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായിരുന്നു രാധാകൃഷ്ണന്‍. കള്ളക്കണക്കുണ്ടാക്കി പല ദിവസങ്ങളിലെയും കലക്്ഷന്‍ പണം മുഴുവനായും ഓഫിസിലടയ്ക്കാതെ രണ്ട് ലക്ഷത്തോളം രൂപ അപഹരിച്ചുവെന്നതാണ് കേസ്. മാന്വല്‍ ടിക്കറ്റ് വിതരണത്തിലാണ് പ്രതി കൃത്രിമം നടത്തിയിരുന്നത്. ടിക്കറ്റ് ശരിയാ രീതിയില്‍ നല്‍കുകയും എന്നാല്‍, ഓഫിസില്‍ തുക കുറച്ചു കാണിച്ചുമായിരുന്നു തട്ടിപ്പ്. ഇടിഎം ടിക്കറ്റ് മെഷീന്‍ മനപ്പൂര്‍വം കേടാക്കിയാണ് മാന്വല്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് നല്‍കിയിരുന്നത്. ക്ലാര്‍ക്കുമാരുടെ കുറവുമൂലം ഓഡിറ്റ് നടത്താന്‍ താമസം വന്നതാണ് പ്രതിക്ക് കൂടുതല്‍ കാലം തട്ടിപ്പിന് സഹായകമായത്. പിന്നീട് താല്‍കാലിക ജീവനക്കാരിയെ വച്ച് ഓഡിറ്റ് നടത്തിയതോടെ പ്രതി കുടുങ്ങി. സംഭവത്തോടനുബന്ധിച്ച് മലപ്പുറം പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ രാജേഷിനെ കെഎസ്ആര്‍ടിയിസില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജ്യാമാപേക്ഷ കോടതി തള്ളി. രണ്ട് വര്‍ഷത്തോളമായി എറണാകുളം, കോട്ടയം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെ എറണാകുളത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. മലപ്പുറം എസ്‌ഐ ബി എസ് ബിനുവിന്റെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, മന്‍സൂറലി മാര്യാട് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it