Flash News

കഠ്‌വയിലെ നിഷ്ഠുരത: സത്യം തെളിഞ്ഞത് ഒരു തുള്ളി രക്തക്കറയില്‍

ന്യൂഡല്‍ഹി: ജമ്മുവിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരി ബാലികയുടെ കൂട്ട ബലാല്‍സംഗ, കൊലപാതകക്കേസില്‍ സത്യം തെളിഞ്ഞത് ഒരൊറ്റ തുള്ളി രക്തക്കറയിലൂടെ. കുട്ടിയുടുപ്പിന്റെ ഞൊറികളിലൊന്നില്‍ ഡല്‍ഹിയിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയ, നഗ്നനേത്രങ്ങള്‍ക്കു കാണാനാവാത്ത രക്തത്തുള്ളിയുടെ കറയാണു കൂട്ടബലാല്‍സംഗവും കൊലപാതകവും സംബന്ധിച്ച കേസിലെ വിവിധ തെളിവുകള്‍ എല്ലാം കൂട്ടിയോജിപ്പിക്കുന്നതിനു സഹായകമായതെന്നു ദി പ്രിന്റ് ഓണ്‍ലൈന്‍ ലേഖിക പ്രയാഗ കൗഷിക് റിപോര്‍ട്ട് ചെയ്യുന്നു.
ജമ്മു മേഖലയില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അത്യാധുനിക സംവിധാനങ്ങളില്ലാത്തതിനാലാണു ജമ്മുകശ്മീര്‍ പോലിസ് ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ സഹായം തേടിയത്. ഈ കേസിന്റെ പ്രാധാന്യം മനസ്സിലാക്കി ഏറ്റെടുക്കുകയായിരുന്നുവെന്നു ഡല്‍ഹി സര്‍ക്കാര്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറി ഒ പി മിശ്ര വ്യക്തമാക്കി. കുറ്റകൃത്യം നടന്ന സ്ഥലമായ ദേവിസ്ഥാനില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള തെളിവുകള്‍ ലബോറട്ടറി പരിശോധനയില്‍ പുറത്തുവന്നു.
ജമ്മുവില്‍ നിന്നു ഡല്‍ഹിയില്‍ ലബോറട്ടറി പരിശോധനയ്ക്ക് അയച്ച വസ്ത്രം രക്തത്തിന്റെയും ശുക്ലത്തിന്റെയും പാടുകള്‍ നീക്കുന്നതിന് അലക്കിയ നിലയിലായിരുന്നു. അലക്കിയ വസ്ത്രത്തില്‍ നിന്നു തെളിവു കണ്ടെത്തുകയെന്നതായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം. കുറ്റകൃത്യം നടക്കുമ്പോള്‍ എട്ടു വയസ്സുകാരി ബാലിക ധരിച്ചിരുന്നതാണ് കുട്ടിയുടുപ്പെന്നു രക്തക്കറ സ്ഥിരീകരിച്ചു. ഇരയുടെ കുറ്റകൃത്യം നടന്ന സ്ഥലത്തു കണ്ടെത്തിയ മറ്റു തെളിവുകള്‍ എല്ലാം കൂട്ടിച്ചേര്‍ക്കാനും സാധ്യമായി.
കുട്ടിപ്പാവാട പല കഷണങ്ങളാക്കി ഭാഗിച്ച് ലാബില്‍ വിശകലനം ചെയ്യുകയായിരുന്നു. കുട്ടിപ്പാവാടയുടെ ഞൊറിയില്‍ രക്തത്തുള്ളിയുടെ അടയാളം ഒരു സംഘാംഗം കണ്ടെത്തി. ആ അടയാളം ആന്തരാവയവങ്ങളുടെ സാംപിളുമായി യോജിക്കുന്നതായിരുന്നു.
Next Story

RELATED STORIES

Share it