Flash News

കടാശ്വാസം നിലനില്‍ക്കെ നിര്‍ധനകുടുംബത്തെ പുറത്താക്കി വീട് ജപ്തി ചെയ്തു

എം   എം   അന്‍സാര്‍

കഴക്കൂട്ടം: കടാശ്വാസം നിലനില്‍ക്കെ, ബാങ്ക് വായ്പയില്‍ കുടിശ്ശിക വരുത്തിയ മല്‍സ്യത്തൊഴിലാളി കുടുംബത്തിന്റെ വീടും വസ്തുവും ബലംപ്രയോഗിച്ച് ജപ്തി ചെയ്്തു. ഇതോടെ അഞ്ചംഗ കുടുംബം പെരുവഴിയിലായി. ഓഖി ദുരിതബാധ പ്രദേശമായ തിരുവനന്തപുരം തുമ്പ സ്വദേശികളായ രാജു സെല്‍വ-ജസ്പിന്‍ ദമ്പതികളുടെ വീടും വസ്തുവുമാണു വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ എസ്ബിഐയുടെ പള്ളിത്തുറ ബ്രാഞ്ച് മാനേജറും കഴക്കൂട്ടം പോലിസുമെത്തി വീട്ടുകാരെ പുറത്താക്കി ജപ്തി ചയ്തത്.  മൊറട്ടോറിയം ഉത്തരവ് കാണിച്ചിട്ടും വീട് അടച്ചുപൂട്ടി സീല്‍ ചെയ്യുകയായിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ ഏജന്‍സികളില്‍ നിന്നു മല്‍സ്യത്തൊഴിലാളികള്‍ എടുത്ത വായ്പയുടെ തിരിച്ചടവിന്റെ കാലാവധി 2018 ഡിസംബര്‍ വരെ നീട്ടിയുള്ള മൊറട്ടോറിയം സര്‍ക്കാര്‍ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ മറികടന്നായിരുന്നു ജപ്തി. നടപടിക്കു തലേദിവസം വായ്പക്കാരെ കൊണ്ട് 40000 രൂപ ബാങ്കില്‍ അടപ്പിച്ച ശേഷമായിരുന്നു നടപടി. സര്‍ക്കാരിന്റെ കടാശ്വാസ ഉത്തരവിന്റെ കോപ്പി വീടുടമ ബാങ്ക് മാനേജറെ കാണിച്ചിട്ടും അതു നോക്കാന്‍ പോലും തയ്യാറാവാതെയായിരുന്നു നടപടി. നിരവധി തവണ കുടുംബത്തെ പോറ്റാന്‍ രാജു സെല്‍വ വിദേശത്തു പോയെങ്കിലും പരാജയമായിരുന്നു. തുടര്‍ന്നു ലക്ഷങ്ങളുടെ കടക്കാരനായ രാജു, ബാങ്കിനെ സമീപിച്ച് സ്വന്തമായുണ്ടായിരുന്ന 25 സെന്റ് പുരയിടവും വീടും പണയപ്പെടുത്തി അഞ്ചുലക്ഷം രൂപ വായ്പയെടുത്തു. രാജു സെല്‍വ മല്‍സ്യബന്ധത്തിനും ജസ്പിന്‍ എല്‍ഐസി ഏജന്റായും ജോലി ചെയ്ത് വായ്പ അടച്ചുവരുന്നതിനിടെ ജസ്പിന്‍ രോഗബാധിതയായി. ഇതോടെ രാജുവിന് കടലില്‍ പോവാന്‍ കഴിയാതെയായി. ദൈനംദിന ജീവിതം വഴിമുട്ടി. മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസവും താറുമാറായി. 2008ല്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വീണ്ടും രണ്ടുലക്ഷം കൂടി ഇതേ ബാങ്കില്‍ നിന്നു വായ്പ എടുത്തു. ഇന്നേ വരെ 10 ലക്ഷം രൂപ വരെ തിരിച്ചടച്ചിട്ടുണ്ടെന്നാണ് ഈ കുടുംബം പറയുന്നത്. എങ്ങോട്ടും പോവാന്‍ വഴിയില്ലാത്ത ഈ കുടുംബം രണ്ടു ദിവസമായി വീട്ടുമുറ്റത്താണ് അന്തിയുറക്കം. കുടുംബത്തിന്റെ ഉടുവസ്ത്രമോ, രോഗിയായ ജസ്പിന്റെ മരുന്നോ എടുക്കാന്‍ അനുവദിക്കാത്ത രീതിയിലായിരുന്നു പുറത്താക്കിയതെന്ന് രാജു പറഞ്ഞു.
Next Story

RELATED STORIES

Share it