thiruvananthapuram local

കടല്‍ഭിത്തി അടിയന്തരമായി നിര്‍മിക്കണം: ശിവകുമാര്‍ എംഎല്‍എ

തിരുവനന്തപുരം: രൂക്ഷമായ കടലാക്രമണം നേരിടുന്ന ബീമാപള്ളി, ചെറിയതുറ, വലിയതുറ ഭാഗങ്ങളില്‍ അടിയന്തരമായി കടല്‍ഭിത്തി നിര്‍മിക്കണമെന്ന് വിഎസ് ശിവകുമാര്‍ എംഎല്‍എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാധാരണയില്‍നിന്നും വ്യത്യസ്തമായി ഇപ്രാവശ്യം ഈ പ്രദേശങ്ങളില്‍ വളരെ നേരത്തെയാണ് കടലാക്രമണം ഉണ്ടായിരിക്കുന്നത്.
മുന്‍നിരയിലെ വീടുകളില്‍ ഭൂരിഭാഗവും കടലെടുത്തുകഴിഞ്ഞു. രണ്ടാംനിരയിലെ വീടുകളും അപകടഭീഷണിയിലാണ്.  വലിയതുറ ഭാഗത്ത് 37 ലക്ഷംരൂപയും ചെറിയതുറയില്‍ 36 ലക്ഷംരൂപയും കടല്‍ഭിത്തി നിര്‍മിക്കുന്നതിന് അനുവദിച്ചിരുന്നു. പാറക്കല്ലുകള്‍ ലഭ്യമാവാത്തതു കൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതെന്ന വിശദീകരണം തൃപ്തികരമല്ല.
നിയമസഭയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കടല്‍ഭിത്തി ഉടന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ജലവിഭവ വകുപ്പുമന്ത്രി ഉറപ്പുനല്‍കിയിരുന്നതുമാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെകാലത്ത് സ്ഥലം ഏറ്റെടുത്ത് മുട്ടത്തറയില്‍ നിര്‍മാണത്തിലിരിക്കുന്ന 192 വീടുകള്‍ പണിപൂര്‍ത്തീകരിച്ച് അടിയന്തരമായി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമുള്ള കുടുംബങ്ങള്‍ അടിസ്ഥാന സൗകര്യമില്ലാത്ത അഭയാര്‍ഥി ക്യാംപുകളില്‍ പോവാന്‍ മടിക്കുകയാണ്.
അവര്‍ക്കാവശ്യമായ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ റവന്യൂ വകുപ്പിന് അടിയന്തര നിര്‍ദേശം നല്‍കണമെന്നും ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയസേവനവും ഈ പ്രദേശങ്ങളില്‍ ഉറപ്പുവരുത്തണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ മുന്നറിയിപ്പ് അനുസരിച്ച് കടലില്‍പോവാന്‍ സാധിക്കാത്ത മല്‍സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കടലാക്രമണബാധിത പ്രദേശങ്ങളായ വലിയതുറ, കുഴിവിളാകം, ഫാത്തിമാ റോഡ്, ലിസ്സി റോഡ്, കൊച്ചുതോപ്പ്, കറുപ്പയ്യ റോഡ്, എന്നീ മേഖലകള്‍ എംഎല്‍എ സന്ദര്‍ശിച്ചു. കൗണ്‍സിലര്‍മാരായ ബീമാപള്ളി റഷീദ്, ഷീബാ പാട്രിക്, മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍, സേവ്യര്‍ ലോപ്പസ്, വള്ളക്കടവ് നിസാം, മുന്‍ കൗണ്‍സിലര്‍ എംഎ പത്മകുമാര്‍, ടോം, വലിയതുറ ഗിരീശന്‍, ജെറാള്‍ഡ് എംഎല്‍എയെ അനുഗമിച്ചു.
Next Story

RELATED STORIES

Share it