kozhikode local

കടലിനെക്കാക്കാന്‍ കൈകോര്‍ത്ത് സംരക്ഷണവലയം തീര്‍ക്കും



വടകര: വരും തലമുറയുടെ നിലനില്‍പ്പിന് സമുദ്രങ്ങളെ സംരക്ഷിക്കണമെന്ന ലക്ഷ്യം സാര്‍ത്ഥകമാക്കാന്‍ “നമ്മുടെ സമുദ്രങ്ങള്‍ നമ്മുടെ ഭാവി”എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് മടപ്പള്ളി ഗവ. ഫിഷറീസ് എല്‍പി സ്‌കൂളിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നാളെ മാളിയേക്കല്‍ കടപ്പുറത്ത് സമുദ്ര സംരക്ഷണ വലയം തീര്‍ക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് കടല്‍ സംരക്ഷണപ്രതിജ്ഞയും നടക്കും. പരിപാടിയുടെ മുന്നോടിയായി വിദ്യാര്‍ത്ഥികളും, നാട്ടുകാരും മാളിയേക്കല്‍ കടപ്പുറം ശുചീകരിക്കുകയും, കടലോരത്തെ വീടുകളില്‍ ലഘുലേഖ വിതരണവും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, വികസന സെമിനാര്‍ എന്നിവ നടത്തി. നാദാപുരം റോഡില്‍ നിന്നും ആരംഭിക്കുന്ന റാലി മാളിയേക്കല്‍ കടപ്പുറത്തെത്തിയാണ് സംരക്ഷണ വലയം തീര്‍ക്കുക. ശിവദാസ് പുറമേരി രചിച്ച സ്വാഗതഗാനത്തോടെ പരിപാടി ആരംഭിക്കും. പോസ്റ്റര്‍ പ്രദര്‍ശനവും നടക്കും. കടപ്പുറം സംരക്ഷിച്ച് വയോജനങ്ങള്‍ക്ക് വിശ്രമകേന്ദ്രം ഒരുക്കാനുള്ള നടപടികള്‍ക്കും സ്‌കൂള്‍ നേതൃത്വപരമായ പങ്ക് വഹിക്കും. വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യാവബോധം വളര്‍ത്തി മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങളെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ശതാബ്ദി നിറവില്‍ എത്തി നില്‍ക്കുന്ന ഈ വിദ്യാലയം മാതൃകാപരമായ പരിപാടി ഏറ്റെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. നാളെ കാലത്ത് ഒമ്പതരയ്ക്ക് നാദാപുരം റോഡില്‍ നീന്നും വടകര ഡിവൈഎസ്പികെ സുദര്‍ശന്‍ റാലി ഫ്‌ലാഗ് ഓഫ്‌ചെയ്യും. തുടര്‍ന്ന് മാളിയേക്കല്‍ കടപ്പുറത്ത് നടക്കുന്ന ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി പരിപാടിയുടെ ഉല്‍ഘാടനം നിര്‍വ്വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ പ്രശാന്ത് നടുക്കണ്ടിയില്‍, പിപി രതീശന്‍ മാസ്റ്റര്‍, സനല്‍ വലിയപുരയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it