thiruvananthapuram local

കടമ്പാട്ടുകോണം -മംഗലപുരം റോഡ് : നവീകരണത്തിന് മന്ത്രി കത്തു നല്‍കി



തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കടമ്പാട്ടുകോണം-മംഗലപുരം ദേശീയപാത അടിയന്തിരമായി നവീകരിക്കാനുളള ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിക്ക് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കത്ത് നല്‍കി.ദേശീയപാതയിലെ (എന്‍എച്ച് 66) കടമ്പാട്ടുകോണം മുതല്‍ മാമം വരെയുള്ള റോഡ് നവീകരണം നടത്തിയതിന്റെ ഗ്യാരന്റി കാലാവധി തീര്‍ന്നിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. മാമം മുതല്‍ മംഗലപുരം വരെയുള്ള ഭാഗത്ത് ബിഎം ബിസി ചെയ്തതിന്റെ കാലാവധിയും 2016 സെപ്റ്റംബറില്‍ അവസാനിച്ചതാണ്. ഈ രണ്ട് റീച്ചുകളിലും പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തേണ്ട സമയം അതിക്രമിച്ചു. ദേശീയപാത നാലുവരി വികസനത്തിന്റെ പേരില്‍ നിലവിലുള്ള റോഡുകള്‍ക്ക് പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് പണം അനുവദിക്കാതിരിക്കുന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ നേരത്തെ തന്നെ കൊണ്ടുവന്നിരുന്നു. നിലവില്‍ ഈ ദേശീയപാതയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിലെ ഫണ്ട് ഉപയോഗിച്ച് താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തുകയാണ് ചെയ്യുന്നതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. താല്‍ക്കാലിക റിപയര്‍ കൊണ്ട് മൂന്നുവര്‍ഷം കഴിഞ്ഞ റോഡിനെ നല്ല രീതിയില്‍ നിലനിര്‍ത്താന്‍ കഴിയില്ല.  കടമ്പാട്ടുകോണം-മംഗലപുരം റോഡ് നവീകരിക്കാനുള്ള അനുമതി കാലതാമസമില്ലാതെ നല്‍കണമെന്ന് ജി സുധാകരന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it