കടത്തനാടന്‍ സന്ധ്യകള്‍ ഇനി കൈപ്പന്ത് കളിയുടെ ആരവങ്ങളിലേക്ക്

വടകര:  കൈപന്തുകളി പ്രേമികളുടെ കാത്തിരിപ്പിലേക്ക് ഇന്റര്‍ വോളിമേളയെത്തി. നാളെ ആരംഭിക്കുന്ന ഡിവൈഎഫ്‌ഐ ഇന്റര്‍ വോളി മേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയത്. രാജ്യത്തെ പ്രശസ്ത താരങ്ങള്‍ നാരായണനഗറിലെ പ്രത്യേകം സജ്ജമാക്കിയ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ കരുത്ത് തെളിയിക്കാനെത്തും.
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ആവശ്യാര്‍ത്ഥം ഫണ്ട് സ്വരൂപിക്കാന്‍ വേണ്ടിയാണ് ടൂര്‍ണ്ണമെന്റിലൂടെ ലക്ഷ്യമിടുന്നത്. ഡിവൈഎഫ്‌ഐ നടക്കുതാഴ മേഖലാ കമ്മറ്റി സംഘടിപ്പിക്കുന്ന സിമ്രാ ബ്രിഡല്‍സ് ഇന്റര്‍ ക്ലബ്ബ് വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാളെ മുതല്‍ എട്ടു വരെ നാരായണനഗരം ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ കേരളത്തിലെ പ്രമുഖ പുരുഷവനിതാ ടീമുകള്‍ മാറ്റുരയ്ക്കും. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ നേവി, കെഎസ്ഇബി, കേരള പൊലീസ്, കൊച്ചിന്‍ കസ്റ്റംസ്, കൊച്ചിന്‍പോര്‍ട്ട്, സെന്റ് തോമസ് പാല, വനിതാ വിഭാഗത്തില്‍ കേരളാ പൊലീസ്, അസംപ്ഷന്‍ കോളേജ്, സെന്റ് തോമസ് ഇരിങ്ങാലക്കുട, സായി തലശ്ശേരി എന്നീ ടീമുകള്‍ മത്സരിക്കും. ദേശീയ-അന്തര്‍ ദേശീയ താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി ജേഴ്‌സിയണിയും.
ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും നല്‍കി വരുന്ന സൗജന്യ ഭക്ഷണ വിതരണം വിപുലീകരിക്കാനും, നടക്കുതാഴ കേന്ദ്രീകരിച്ച് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കേന്ദ്രം സ്ഥാപിച്ച് അശരണരായ രോഗികള്‍ക്ക് ചികിത്സയും മറ്റു സൗകര്യവും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ധനസമാഹരണത്തിനായി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആറായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. സീസണ്‍ ടിക്കറ്റ് 500 രൂപയും, ഗാലറി ദിവസ ചാര്‍ജ് 80 രൂപയുമാണ്. നാളെ വൈകീട്ട് ആറരയ്ക്ക് തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ സെന്റ് ജോസഫ് ഇരിങ്ങാലക്കുട അസംപ്ഷന്‍ കോളേജിനെയും, പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ നേവി, കെഎസ്ഇബി തിരുവനന്തപുരത്തേയും നേരിടും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഇ അരവിന്ദാക്ഷന്‍, വൈസ് ചെയര്‍മാന്‍ പി വത്സലന്‍, ജനറല്‍ കണ്‍വീനര്‍ വി വിവേക്, സി സജീവന്‍, മനോജ് മാസ്റ്റര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it