Flash News

കടകംപള്ളിക്കെതിരേ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ മാറ്റി



തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ മറികടന്ന് അനെര്‍ട്ട് ഡയറക്ടറെ നിയമിച്ചെന്ന ആരോപണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ത്വരിതാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നടപടി. അന്വേഷണോദ്യോഗസ്ഥനായ വിജിലന്‍സ് പ്രത്യേക യൂനിറ്റ് രണ്ടിലെ സിഐ കെ ഡി ബിജുവിനെയാണ് സ്ഥലംമാറ്റിയത്. പന്തളത്തേ—ക്കാണ് ബിജുവിന് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. സിഐ അരുണ്‍കുമാറിനാണ് പകരം ചുമതല. ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച ത്വരിതാന്വേഷണത്തിന്റെ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ട തിയ്യതി നീട്ടിനല്‍കാന്‍ വിജിലന്‍സ് പലതവണ ആവശ്യപ്പെട്ടിരുന്നു. കേസ് അട്ടിമറിക്കാനാണിതെന്ന ആരോപണം ഉയര്‍ന്നതോടെ ഈ മാസം 11നകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നു തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ സിഐയെ മാറ്റിയത് ചര്‍ച്ചയായിരിക്കുകയാണ്. മന്ത്രി കടകംപള്ളിക്കു പുറമെ ഐടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ ഡ്യൂട്ടിയുമായ എം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. മാനദണ്ഡങ്ങള്‍ മറികടന്ന് അനെര്‍ട്ട് ഡയറക്ടറായി ആര്‍ ഹരികുമാറിനെ നിയമിച്ചെന്നതാണു കേസ്. 2007ലെ ടെസം പ്രൊജക്റ്റില്‍ അംഗമായിരുന്ന ഹരികുമാര്‍ കോടികളുടെ തിരിമറി നടത്തിയതു സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടക്കവെയാണ് അെനര്‍ട്ട് ഡയറക്ടറായി നിയമനം നല്‍കിയതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. കൂടാതെ, ഹരികുമാറിന് അനധികൃത നിയമനം നല്‍കി നാലു ദിവസം കഴിഞ്ഞാണ് അപേക്ഷ ക്ഷണിച്ചതെന്നും ഡയറക്ടര്‍ക്കു വേണ്ട നിശ്ചിത പ്രായപരിധി പോലും പാലിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ടെസം പ്രൊജക്റ്റിലെ കോടികളുടെ തിരിമറി സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ഹരികുമാറിനെ ഡയറക്ടറായി ആദ്യം നിയമിച്ചത്. ചീഫ് സെക്രട്ടറി, ഊര്‍ജ സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍ എന്നിവര്‍ നടത്തേണ്ട അെനര്‍ട്ട് ഡയറക്ടര്‍ നിയമനം മന്ത്രി നേരിട്ടു നടത്തിയെന്നാണു കടകംപള്ളിക്കെതിരേയുള്ള ആരോപണം. 2007 മുതല്‍ 2012 വരെയുള്ള കാലയളവിലെ അെനര്‍ട്ട് ഡയറക്ടര്‍മാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എം വിന്‍സെന്റ് എംഎല്‍എ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
Next Story

RELATED STORIES

Share it