palakkad local

കഞ്ചിക്കോട് മലിനീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദം



പാലക്കാട്: ജില്ലയിലുടനീളം 24 മണിക്കൂര്‍ ജലം-വായു മലിനീകരണ നിര്‍ണയത്തിന് ശേഷിയുളള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെട്ട നിരീക്ഷണ വാഹനത്തിന്റെ സേവനം ഫലപ്രദമായി ഉപയോഗിച്ച് വരുന്നതായി കഞ്ചിക്കോട് വ്യവസായ മേഖലയിലെ മലീനീകരണപ്രതിരോധ പ്രവര്‍്ത്തനങ്ങള്‍ക്കായുളള പരിസ്ഥിതി കാവല്‍സംഘം സമിതി യോഗം വിലയിരുത്തി. ജില്ലാ ലോ ഓഫിസര്‍ എന്‍ ജ്യോതിയുടെ അധ്യക്ഷതയിലാണ് കലക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേര്‍ന്നത്. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ രാത്രികാല മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകാര്യാലയം, മലിനീകരണ നിയന്ത്രണബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ വ്യവസായ കേന്ദം, പരിസ്ഥിതി കാവല്‍ സംഘം അംഗമായ ഗ്രാമ പഞ്ചായത്ത് പ്രതിനിധി എന്നിവരടങ്ങുന്ന സംഘം പരിശോധന നടത്തുന്നുണ്ട്. പരിശോധനപ്രകാരം കണ്ടെത്തിയ പിഴവുകള്‍ സമിതിയുടെ നിര്‍ദ്ദേശപ്രകാരം കമ്പനികള്‍ പരിഹരിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്തെ സ്റ്റീല്‍ കമ്പനികള്‍ കേന്ദ്രീകരിച്ചുളള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയതായും ആശുപത്രി മാലിന്യസംസ്—കരണ സ്ഥാപനമുള്‍പ്പെടെ എല്ലാംതന്നെ നിയന്ത്രണവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്—സിക്യൂട്ടിവ് എഞ്ചിനീയര്‍ ബി.ബിജു അറിയിച്ചു. കഞ്ചിക്കോട് ഒരു സ്വകാര്യ സ്റ്റീല്‍ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ സമിതിക്ക് നല്‍കിയ പരാതിപ്രകാരം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമിതി ചേയര്‍പേഴ്—സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചതായും നിരീക്ഷണം തുടരുന്നതായും അദ്ദേഹം അറിയിച്ചു.  ശീതളപാനീയം, മദ്യഉത്പാദന കമ്പനി ഉള്‍പ്പെടെ ജില്ലയിലെ 13-ഓളം വരുന്ന സ്വകാര്യകമ്പനികളുടെ ജലഉപയോഗം അനുവദിക്കപ്പെട്ട അളവില്‍ മാത്രമാണെന്ന് ഭൂഗര്‍ഭജല അധികൃതര്‍ അറിയിച്ചു. കോരയാര്‍ പുഴയില്‍ മലിനീകരണം നടക്കുന്നില്ലെന്നും മരങ്ങള്‍ നട്ടുപിടിപ്പിച്ചും പരിപാലിച്ചും പുഴയുടെ തീരസംരക്ഷണമുള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിവരുന്നതായും യോഗം അറിയിച്ചു.  യോഗത്തില്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനെജര്‍ ജി രാജ്‌മോഹന്‍, അസി.ലേബര്‍ ഓഫീസര്‍ ബി ദേവദാസ്, ജില്ലാ വ്യവസായ കേന്ദ്രം മാനെജര്‍ ടിഎസ് ചന്ദ്രന്‍, ഭൂജല വകുപ്പ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെബി മുരളീധരന്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേസ് ഇന്‍സ്‌പെക്ടര്‍ എന്‍.ജെ മുനീര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it