കക്കൂസ് മാലിന്യം തോട്ടിലൊഴുക്കിയത് ദേവസ്വം ബോര്‍ഡിന്റെ സംസ്‌കരണ പ്ലാന്റില്‍ നിന്ന്്

എരുമേലി: എരുമേലിയില്‍ കക്കൂസ് മാലിന്യങ്ങള്‍ തോട്ടിലൊഴുകിയത് ദേവസ്വം ബോര്‍ഡിന്റെ സംസ്‌കരണ പ്ലാന്റില്‍ നിന്നാണെന്ന് കലക്ടര്‍ക്ക് ആരോഗ്യ വകുപ്പ് റിപോര്‍ട്ട് നല്‍കി. മാലിന്യങ്ങള്‍ പരിധിയിലും കൂടുതലായി പ്ലാന്റിലെത്തിയതാണ് സമീപത്തെ തോട്ടിലൂടെ പുറന്തള്ളപ്പെട്ടതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇത് പരിഹരിച്ച് ശാസ്ത്രീയമായ സംസ്‌കരണം നടത്തുമെന്ന് ദേവസ്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് റിപോര്‍ട്ടിലുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസറെ പ്രതിനിധീകരിച്ച് ഹെല്‍ത്ത് ഓഫിസറാണ് ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ പരിശോധന നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചത്. ആരോഗ്യ വകുപ്പിനെ കൂടാതെ പരിശോധനകള്‍ നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് സമര്‍പ്പിക്കുമെങ്കിലും തല്‍ക്കാലം ദേവസ്വത്തിന്റെ പ്ലാന്റും ശുചിമുറികളും പൂട്ടേണ്ടെന്നാണ് തീരുമാനം. അയ്യപ്പ ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതും ബദല്‍ സംവിധാമില്ലാത്തതുമാണ്് ഇങ്ങനെ തീരുമാനമെടുക്കാന്‍ കാരണം.എങ്കിലും ശാസ്ത്രീയമായ സംസ്‌കരണം നടത്താന്‍ കഴിയുന്നില്ലെന്ന് ഉറപ്പായാല്‍ ശുചിമുറികള്‍ പൂട്ടേണ്ടി വരുമെന്ന് ദേവസ്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് സമീപത്താണ് ദേവസ്വം പ്ലാന്റ്. ഇവിടെ നിന്നും അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നെന്ന് പഞ്ചായത്തധികൃതര്‍ പരാതിപ്പെട്ടതോടെ കലക്ടര്‍ കഴിഞ്ഞ ദിവസം പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ആരോഗ്യ വകുപ്പിനോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ഡോ.ബി എസ് തിരുമേനി നിര്‍ദേശിച്ചത്. 300ല്‍ പരം കക്കൂസുകളാണ് ദേവസ്വത്തിനുള്ളത്. ഇവയിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനായി രണ്ട് പ്ലാന്റുകളുണ്ടെങ്കിലും ശേഷി കുറഞ്ഞ പ്ലാന്റിലാണ് സംസ്‌കരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് പഞ്ചായത്ത് ഓഫിസിന് സമീപത്തുള്ളത്. ഓഫിസിനും പ്ലാന്റിനും ഇടയിലൂടെ ഒഴുകുന്ന തോട് വഴി മാലിന്യം വലിയ തോട്ടിലും തുടര്‍ന്ന് മണിമലയാറിലുമാണ് എത്തുന്നത്. ഒട്ടേറെ കുടിവെള്ള പദ്ധതികളാണ് മണിമലയാറിലുള്ളത്. ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്നത് ഈ നദിയെയാണ്. കഴിഞ്ഞ ശബരിമല സീസണിലും കക്കൂസ് മാലിന്യങ്ങള്‍ നദിയിലെത്തിയിരുന്നു. പഞ്ചായത്തും ആരോഗ്യ വകുപ്പും നടപടികളെടുത്തില്ലെന്ന പരാതിയും കോടതിയിലുമെത്തിയിരുന്നു. കഴിഞ്ഞ ദിവസം കലക്ടര്‍ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയതോടെ പ്ലാന്റിലെ സംസ്‌കരണം നടത്തുന്ന കരാറുകാരനോട് ശാസ്ത്രീയമായ സംസ്‌കരണം നടത്താന്‍ ദേവസ്വം ബോര്‍ഡില്‍ നടപടികളായെന്ന് അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it