കംപ്ലെയിന്റ്‌സ് അതോറിറ്റി ഉത്തരവില്‍ അപാകതയെന്ത്: ഹൈക്കോടതി; അന്വേഷണം നിര്‍ണായകഘട്ടത്തില്‍; പ്രതിയുടെ ഡിഎന്‍എ തെളിവുകള്‍ ലഭിച്ചു

കൊച്ചി: ജിഷ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലിസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയും പോലിസ് ഉദ്യോഗസ്ഥരും തമ്മില്‍ പോര് രൂക്ഷമായിരിക്കെ അതോറിറ്റി നിലപാടിന് അനുകൂലമായി ഹൈക്കോടതി.
ഐജി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ഹാജരാവണമെന്ന പോലിസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയുടെ ഉത്തരവില്‍ എന്ത് അപാകതയാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. പോലിസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പിന്റെ നിര്‍ദേശത്തിനെതിരേ കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ നിരീക്ഷണം. വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ. ബേസില്‍ കുര്യാക്കോസ് നല്‍കിയ ഹരജിയില്‍, റേഞ്ച് ഐജിയും മറ്റ് ഉദ്യോഗസ്ഥരും മെയ് 25ന് നേരിട്ട് ഹാജരായി വിശദീകരണം എഴുതിനല്‍കാന്‍ പോലിസ് കംപ്ലെയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അതോറിറ്റിക്ക് അധികാരമില്ലെന്നും പരാതി തള്ളണമെന്നും വ്യക്തമാക്കി റിപോര്‍ട്ട് നല്‍കി. ഇതു തള്ളിക്കളഞ്ഞ അതോറിറ്റി ചെയര്‍മാന്‍, ജൂണ്‍ രണ്ടിനു ഹാജരാവാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
അതേസമയം, ജിഷ വധക്കേസ് പ്രതിയെ തിരിച്ചറിയുന്നതിനുള്ള സുപ്രധാന തെളിവുകള്‍ പോലിസിനു ലഭിച്ചു. ജിഷയുടെ കൈവിരലിലെ നഖത്തില്‍ നിന്നു ലഭിച്ച ചര്‍മകോശത്തിലെയും വീട്ടുവാതില്‍ കൊളുത്തില്‍ പുരണ്ട രക്തത്തിലെയും നേരത്തെ ജിഷയുടെ ശരീരത്തില്‍ നിന്നു കിട്ടിയ ഉമിനീരിലെയും ഡിഎന്‍എ ഒരാളുടേതാണെന്നു തിരുവനന്തപുരത്തെ കെമിക്കല്‍ എക്‌സാമിനര്‍ ലാബില്‍ നടത്തിയ രാസപരിശോധനയില്‍ സ്ഥിരീകരിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ഇതു ശക്തമായ തെളിവായി മാറും.
പ്രതിയുടെ മുടി, ജിഷയുടെ ദേഹത്ത് പതിഞ്ഞ പല്ലിന്റെ അടയാളം, പ്രതിയുടെ വിരലടയാളം എന്നിവയും ലഭിച്ചിട്ടുണ്ട്. നിര്‍ണായക തെളിവാണ് ഇവയെന്നും കേസിനു തുമ്പില്ലെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്നും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it