Breaking News

ഔറംഗസേബ് തീവ്രവാദിആയിരുന്നെന്ന് ബിജെപി എംപി

ഔറംഗസേബ് തീവ്രവാദിആയിരുന്നെന്ന് ബിജെപി എംപി
X
ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് തീവ്രവാദിയായിരുന്നെന്നു ബിജെപി എംപി മഹേഷ് ഗിരി. സഹോദരനെ പോലും പീഡിപ്പിച്ച ക്രൂരനായിരുന്നു ഔറംഗസേബ്. എന്നാല്‍, മനുഷ്യത്വ മൂല്യങ്ങള്‍ ഉയര്‍ത്തിയിരുന്ന സഹോദരന്‍ ദാരാ ഷിക്കോവിനെ ചരിത്രം വിസ്മരിക്കുകയാണുണ്ടായതെന്നും ഈസ്റ്റ് ഡല്‍ഹി എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.



ഒറംഗസേബ്, ദാരാ ഷുക്കോവ്: രണ്ടു സഹോദരങ്ങളുടെ ചരിത്രം, ദാരാ ഷുക്കോവ് ഇസ്‌ലാമിലെ വിസ്മരിക്കപ്പെട്ട രാജകുമാരന്‍ എന്നീ പേരിലുള്ള സമ്മേളനങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത ശേഷമായിരുന്നു എംപിയുടെ പ്രതികരണം. ഔറംഗസേബിനെതിരേ പ്രതികരിച്ച എംപി ദാരാ ഷുക്കോവ് ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണെന്നു വ്യക്തമാക്കി. ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സില്‍ മുഗള്‍ രീതിയില്‍ തയ്യാറാക്കിയിട്ടുള്ള 30ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച പരിപാടി ഇന്ന് അവസാനിക്കും.ഇന്നത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഔറംഗസേബ് തീവ്രവാദിയായിരുന്നു. എന്നാല്‍, അതിനു തക്കതായ ശിക്ഷ അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. സ്‌കൂളുകളില്‍ നമ്മള്‍ ഔറംഗസേബിനെ കുറിച്ച് പഠിക്കുന്നുണ്ടെങ്കില്‍ ദാരാ ഷുക്കോവിനെക്കുറിച്ചു പഠിക്കാനും തയ്യാറാവണമെന്നു മഹേഷ് ഗിരി ആവശ്യപ്പെട്ടു.എന്നാല്‍, ഡല്‍ഹിയില്‍ ഔറംഗസേബിന്റെ പേരിലുണ്ടായിരുന്ന റോഡിന്റെ പേരുമാറ്റിയെതങ്കിലും ആശ്വാസമാണ്- അദ്ദേഹം വ്യക്തമാക്കി. 2015ലാണ് ഡല്‍ഹിയിലെ ഔറംഗസേബ് റോഡ് മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാം എന്നാക്കിമാറ്റുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് എംപി രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. അന്നത്തെ തന്റെ നടപടിയുടെ പേരില്‍ നിരവധി ഭീഷണികള്‍ നേരിടേണ്ടിവന്നിരുന്നെന്നും എംപി പ്രതികരിച്ചു. റോഡിന്റെ പേരുമാറ്റം സംബന്ധിച്ചു ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തീരുമാനത്തിനെതിരേ നിരവധി മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നടപടി ചരിത്രത്തെ ഇല്ലാതാക്കലാണെന്നായിരുന്നു സംഘടനകളുടെ ആരോപണം. ഷുക്കോവ് ഇന്ത്യയുടെ അദ്ഭുതമാണെന്നായിരുന്നു ചടങ്ങില്‍ സംബന്ധിച്ച ഇറാനിയന്‍ പാര്‍ലമെന്റ് മുന്‍ സ്പീക്കര്‍ ഗുലാം അലി ഹദദ് ആദേലിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it