Flash News

ഓസ്ട്രിയന്‍ കാറ്റില്‍ ജര്‍മന്‍ കോട്ട തകര്‍ന്നു

ഓസ്ട്രിയന്‍ കാറ്റില്‍ ജര്‍മന്‍ കോട്ട തകര്‍ന്നു
X

ക്ലാഗന്‍ഫര്‍ട്ട്: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ പോരാട്ടത്തില്‍ ലോക ചാംപ്യന്‍മായ ജര്‍മനിക്ക് അപ്രതീക്ഷിത തോല്‍വി. ഓസ്ട്രിയ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനിയെ മുട്ടുകുത്തിച്ചത്. പ്രതിരോധവും ആക്രമവും സമന്വയിപ്പിച്ച ഓസ്ട്രിയന്‍ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ജോച്ചിം ലോയുടെ ശിഷ്യഗണങ്ങള്‍ക്ക് കാലിടറുകയായിരുന്നു.
പീറ്റേഴ്‌സനെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മാറ്റില്‍ ജര്‍മനിയെ ജോച്ചിം ലോ കളത്തിലിറക്കിയപ്പോള്‍ 3-4-2-1 ഫോര്‍മാറ്റിലായിരുന്നു ഓസ്ട്രിയയുടെ പടപ്പുറപ്പാട്. ആദ്യ പകുതിയില്‍ കളി ജര്‍മന്‍ നിരയ്‌ക്കൊപ്പമായിരുന്നു. ആദ്യ പകുതിയില്‍ 68 ശതമാനം സമയത്തും പന്തടക്കിവച്ച ജര്‍മനി 11ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നു. ആഴ്‌സനല്‍ താരം മസൂദ് ഓസിലാണ് ജര്‍മനിക്ക് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ പിന്നീട് ഗോള്‍ പിറക്കാതിരുന്നതോടെ 1-0ന്റെ ലീഡും നിലനിര്‍ത്തിയാണ് ജര്‍മന്‍ നിര ആദ്യ പകുതി പിരിഞ്ഞത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച ഓസ്ട്രിയ 53ാം മിനിറ്റില്‍ സമനില പിടിച്ചു. മാര്‍ട്ടിന്‍ ഹിന്റെര്‍ഗറാണ് ഓസ്ട്രിയക്ക് സമനില സമ്മാനിച്ചത്. മല്‍സരം സമനിലയിലേക്കെത്തിയതോടെ പോരാട്ടം മുറുകി. ജര്‍മന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമിച്ച ഓസ്ട്രിയന്‍ താരങ്ങള്‍ 69ാം മിനിറ്റില്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. അലക്‌സാണ്ടര്‍ സ്‌കോഫാണ് ഓസ്ട്രിയക്ക് ലീഡ് സമ്മാനിച്ചത്.  ഓസ്ട്രിയ 2-1ന് മുന്നില്‍.
പിന്നീടുള്ള സമയത്ത് ഓസ്ട്രിയയുടെ പ്രതിരോധകോട്ടയ്ക്ക് മുന്നില്‍ ജര്‍മനിയുടെ മുന്നേറ്റങ്ങളെല്ലാം നിഷ്പ്രഭമായപ്പോള്‍ നാണംകെട്ട തോല്‍വിയോടെ ജര്‍മനിക്ക് കളം വിടേണ്ടി വന്നു.
പരിക്ക് ഭേദമായി സൂപ്പര്‍ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറാണ് ജര്‍മനിയുടെ ഗോള്‍വലകാത്തത്. തോമസ് മുള്ളര്‍, ടോണി ക്രൂസ് എന്നിവരില്ലാതെയാണ് ജര്‍മനി ഓസ്ട്രിയക്കെതിരേ ഇറങ്ങിയത്.
Next Story

RELATED STORIES

Share it