kozhikode local

ഓമശ്ശേരിയില്‍ പഞ്ചായത്ത് ശേഖരിച്ച മാലിന്യം പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്നു

താമരശ്ശേരി: ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫിസ് പരിസരത്ത് മാലിന്യം കുമിഞ്ഞു കൂടുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു. പഞ്ചായത്ത് ഓഫിസിന്റെ പിന്‍ ഭാഗത്തും ബസ്റ്റാന്റ് കെട്ടിടത്തിന് പിന്‍ഭാഗത്തുമാണ് മാസങ്ങളായി മാലിന്യം കെട്ടിക്കിടക്കുന്നത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചാക്കിലാക്കി സൂക്ഷിച്ചത് പഞ്ചായത്തോഫിസ് കെട്ടിടത്തിന് പിന്‍വശത്താണ്.
ഇതിനുള്ളില്‍ മഴ വെള്ളം കെട്ടിക്കിടന്ന് കൊതുകു വളര്‍ത്തു കേന്ദ്രമായി മാറുകയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ചാക്കിലാക്കാതെയും പരന്ന് കിടക്കുന്നു. ബസ്റ്റാന്റ് കെട്ടിടത്തിന്റെ പിന്‍ ഭാഗത്തും മാലിന്യങ്ങളുടെ കൂമ്പാരം കാണാം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കൂട്ടിയിട്ട് കത്തിക്കുന്നതും ഇവിടെയാണ്.
ആരോഗ്യ ജാഗ്രതക്ക് നേതൃത്വം നല്‍കേണ്ട ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യ വകുപ്പിന്റെയും ഒത്താശയോടെയാണത്രേ ഇവിടെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയത്. പ്രശ്‌നം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി.
ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരണം ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കെട്ടിടത്തിന് പിന്നില്‍ സൂക്ഷിച്ചതെന്നും ഇത് നീക്കം ചെയ്യാന്‍ നപടി സ്വീകരിച്ചുവരികയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി നെല്ലിക്കുന്നേല്‍ പറഞ്ഞു. ബസ്റ്റാന്റ് പരിസരം ഉള്‍പ്പെടെ ശുചീകരിക്കുന്നതിനും മാലിന്യനിക്ഷേപം തടയുന്നതിനും നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it