Pathanamthitta local

ഓപറേഷന്‍ ശരണബാല്യം പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കും: എഡിഎം



പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലയളവില്‍ ബാലവേല, ബാല ഭിക്ഷാടനം എന്നിവ തടയുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ഓപറേഷന്‍ ശരണബാല്യം പദ്ധതി കൂടുതല്‍ കാര്യക്ഷമമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇത്തവണയും നടപ്പാക്കുമെന്ന് എഡിഎം അനു എസ് നായര്‍ പറഞ്ഞു. മണ്ഡല- മകരവിളക്ക് കാലത്ത് ജില്ലയിലെ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ബാലവേല, ബാലഭിക്ഷാടനം എന്നിവ തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന കുട്ടികളെ കച്ചവട ആവശ്യങ്ങള്‍ക്കും ബാലഭിക്ഷാടനത്തിനുമായി ഉപയോഗിക്കുന്നതു തടയുന്നതിനായി തീര്‍ഥാടന കാലം ആരംഭിക്കുന്നതിനു മുമ്പ് ഇതുമായി ബന്ധപ്പെട്ട നിരോധന ഉത്തരവ് പുറപ്പെടുവിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലിനും ഭിക്ഷാടനത്തിനുമായി തീര്‍ഥാടന കാലയളവില്‍  മുന്‍ കാലങ്ങളില്‍ കുട്ടികളെ എത്തിച്ചിരുന്നു. മിക്ക കുട്ടികളും സ്‌കൂള്‍ പഠനം മുടക്കിയാണ്. കച്ചവട ആവശ്യങ്ങള്‍ക്കും ഭിക്ഷാടനത്തിനുമായി തീര്‍ഥാടന കാലയളവില്‍ ജില്ലയില്‍ എത്തിച്ചേരുന്നത്. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഇത്തരത്തിലുള്ള 12 കുട്ടികളെ ഓപ്പറേഷന്‍ ശരണബാല്യം പദ്ധതി പ്രകാരം മോചിപ്പിച്ച് അവരുടെ രക്ഷിതാക്കളുടെ അടുത്ത് എത്തിച്ചിരുന്നു.  പ്രധാനമായും തമിഴ്—നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മുന്‍കാലങ്ങളില്‍ ഭിക്ഷാടനത്തിനും കച്ചവട ആവശ്യങ്ങള്‍ക്കും വേണ്ടി എത്തിയിരുന്നത്. ഇത്തവണ തീര്‍ഥാടനകാലം തുടങ്ങുന്നതിന് മുമ്പ്് തന്നെ ഇതര സംസ്ഥാനങ്ങളില്‍ ഇതുസംബന്ധിച്ച് ആവശ്യമായ ബോധവല്‍കരണം നടത്തുന്നതിന് പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അതത് സംസ്ഥാനങ്ങളിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്ക് കത്ത് നല്‍കും. ഇതിനു പുറമേ ശബരിമല തീര്‍ഥാടകര്‍ക്ക് പോലീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന ഓണ്‍ലൈന്‍ ബുക്കിങ്് കൂപ്പണുകളിലും കുട്ടികളെ തീര്‍ഥാടന കാലത്ത് കേരളത്തിലെത്തിച്ച് തൊഴില്‍ ചെയ്യിക്കുന്നതിന് എതിരേയുള്ള ബോധവല്‍കരണ സന്ദേശങ്ങള്‍ നല്‍കും. നവമാധ്യമങ്ങളായ ഫേസ്ബുക്കിലും വാട്സ് ആപിലും ബാലവേലയ്ക്കും ബാലഭിക്ഷാടനത്തിനും എതിരേയുള്ള സന്ദേശങ്ങള്‍ വീഡിയോ ക്ലിപ്പുകള്‍ ആയും ഫോട്ടോകള്‍ ആയും ഷെയര്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ നടപ്പാക്കും.  മുന്‍ വര്‍ഷങ്ങളില്‍ ളാഹ, പമ്പ, കണമല, സ്വാമി അയ്യപ്പന്‍ റോഡ് എന്നീ സ്ഥലങ്ങളിലാണ് മാല,വള, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ വില്‍പനയ്ക്കായി ഇതരസംസ്ഥാന കുട്ടികള്‍ എത്തിയിരുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലിനും ഭിക്ഷാടനത്തിനുമായി കുട്ടികളെ എത്തിക്കുന്ന സംഘങ്ങള്‍ക്കെതിരേ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. തീര്‍ഥാടനകാലയളവില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ബാലവേലയും ബാലഭിക്ഷാടനവും കണ്ടെത്തുന്നതിനായി സംയുക്ത റെയ്ഡുകള്‍ നടത്തും. തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന ളാഹ, കണമല, നിലയ്ക്കല്‍, പമ്പ, സന്നിധാനം, പന്തളം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി 12 സ്ഥലങ്ങളില്‍ വിവിധ ഭാഷകളില്‍ ബാല വേലയ്ക്കും ബാലഭിക്ഷാടനത്തിനും എതിരേ ബോധവല്‍കരണ സന്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കും. യോഗത്തില്‍ തിരുവല്ല ആര്‍ഡിഒ വി ജയമോഹന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ഒ അബീന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂസമ്മ മാത്യു, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി പി സോമന്‍, പമ്പ സര്‍ക്കിള്‍ ഇന്‍സ്—പെക്ടര്‍ കെ പി വിജയന്‍, റാന്നി-പെരുനാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സുധാകുമാരി പങ്കെടുത്തു.
Next Story

RELATED STORIES

Share it