malappuram local

ഓട്ടോറിക്ഷകളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് തൊഴിലാളികള്‍

പൊന്നാനി:  പൊന്നാനിയിലെ ഓട്ടോറിക്ഷകളുടെ കണക്കെടുപ്പ് പൂര്‍ത്തീകരിക്കണമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍. സ്റ്റാന്റുകളില്‍ ഓട്ടോറിക്ഷകളുടെ എണ്ണം നിജപ്പെടുത്തണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷകളുടെ കണക്കെടുപ്പ് അവതാളത്തിലായെന്ന വാര്‍ത്തയെത്തുടര്‍ന്നാണ് വിശദീകരണവുമായി തൊഴിലാളികള്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധമായ വാര്‍ത്ത നല്‍കിയത്. പൊന്നാനി നഗരസഭാ പരിധിയിലെ ഓട്ടോറിക്ഷകളുടെ പൂര്‍ണ വിവരശേഖരണവും, ഓട്ടോസ്റ്റാന്റുകളില്‍ നമ്പറിടുകയും ചെയ്യുന്നതിന് വേണ്ടി മോട്ടോര്‍ വാഹന വകുപ്പും, നഗരസഭയും സംയുക്തമായി നടത്തിയ നീക്കം പാതിവഴിയില്‍ നിലച്ചിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളി യൂനിയനുകളുടെ നിസ്സഹകരണമാണ് കണക്കെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന് തടസമായതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഓട്ടോ തൊഴിലാളികള്‍ പദ്ധതിയോട് പൂര്‍ണമായും സഹകരിക്കുകയും, പദ്ധതിയെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ പെര്‍മിറ്റുള്ള ചില ഓട്ടോറിക്ഷാ തൊഴിലാളികള്‍ പല സ്റ്റാന്റുകളിലായി ഓട്ടോ നിര്‍ത്തിയിടുന്നത് മൂലം സ്ഥിരം തൊഴിലാളികള്‍ക്ക് ഓട്ടം ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇത് മറികടക്കാന്‍ കണക്കെടുപ്പ് പൂര്‍ത്തീകരിച്ച് ഓട്ടോറിക്ഷകള്‍ക്ക് അതത് സ്റ്റാ ന്റുകളുടെ നമ്പര്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പലയിടങ്ങളിലായി നിര്‍ത്തിയിടുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കണമെന്നും, ഏകീകൃത സംവിധാനം ഉടന്‍ നടപ്പാക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.
Next Story

RELATED STORIES

Share it