thrissur local

ഓട്ടുപാറ നഗരമധ്യത്തിലെ സ്ഥലത്തെ കൃഷിഭൂമി അനധികൃതമായി മണ്ണിട്ട് നികത്തുന്നു

വടക്കാഞ്ചേരി: ഓട്ടുപാറ നഗരമധ്യത്തിലെ സ്ഥലത്തെ കൃഷിഭൂമി അനധികൃമായി മണ്ണിട്ട് നികത്തുന്നു. കുമരനെല്ലൂര്‍ വില്ലേജിന് കീഴിലുള്ള ഓട്ടുപാറയിലെ സ്വകാര്യഭൂമിയാണ് അവധി ദിനങ്ങള്‍ മുന്നില്‍കണ്ട് വന്‍തോതില്‍ നികത്തുന്നത്. വില്ലേജ് ഓഫീസറോ കൃഷി ഓഫീസറോ അനുമതി നല്‍കാത്ത പാടശേഖരത്തിലാണ് രാത്രിയും പകലുമായി മണ്ണിട്ട് നികത്തുന്നത്.
വടക്കാഞ്ചേരി നഗരസഭയില്‍പെട്ട വയലുകളാണ് നികത്തുന്നത്. കെഎല്‍യു ആക്ട് പ്രകാരം 2008 ലെ ഉത്തരവ് പ്രകാരം നികത്തിയ വയലുകള്‍ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കാം. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാതെ വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയാണ് അനധികൃതമായി പാടം നികത്തുന്നതിന് മൗനസമ്മതം നല്‍കിയിട്ടുള്ളത്. നെല്‍വയലുകള്‍ നികത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളെ പുല്ലുവില കല്‍പ്പിച്ചാണ് മണ്ണിട്ട് നികത്തുന്നതും. ഓട്ടുപാറയിലെ ഒട്ടുമിക്ക പാടശേഖരവും മണ്ണിട്ട് നികത്തിയ നിലയിലാണ്. അതേസമയം ഇരട്ടകുളങ്ങരയില്‍ നിര്‍ധനരായ ഒരു കുടുംബം വീടുവെയ്ക്കാനായി അഞ്ച് സെന്റ് ഭൂമി മണ്ണിട്ട് നികത്തുന്നത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി നിര്‍ത്തിവെപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it