Flash News

ഓഖി ദുരന്തംകാണാതായവരെപ്പറ്റി മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും രണ്ട് കണക്ക്‌

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരെക്കുറിച്ച് സര്‍ക്കാരിന്റെ അവ്യക്തത തുടരുന്നു. 104 പേരെ കാണാനില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. ഇതിന് പിന്നാലെ 103 പേരെ കാണാനില്ലെന്നായിരുന്നു ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ മറുപടി. കാണാതായവരെക്കുറിച്ച് വകുപ്പിന് അവ്യക്തതയില്ലെന്നും വ്യക്തതയില്ലാത്തവരാണ് കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുന്നതെന്നും വി എസ് ശിവകുമാറിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 49 പേര്‍ തിരുവനന്തപുരത്തും രണ്ടു പേര്‍ വടക്കന്‍ ജില്ലകളിലുമാണ് മരിച്ചത്. കാണാതായവര്‍ ഇനി തിരിച്ചെത്തില്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്.  മരിച്ചവരുടെയും കാണാതായവരുടെയും മക്കളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന 158 കുട്ടികളുണ്ട്. ഇവരുടെ തുടര്‍പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. ബോര്‍ഡിങ് ഉള്‍പ്പെടുയുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കായി ഒരുക്കും. മൂന്നു പേര്‍ ഉന്നത വിദ്യാഭാസത്തിന് പഠിക്കുന്നുണ്ട്. ഇതില്‍ ഒരാളുടെ ഫീസ് സര്‍ക്കാര്‍ അടച്ചുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തീരദേശ സംരക്ഷണം സംബന്ധിച്ച് സംസ്ഥാനം കര്‍മപദ്ധതി തയ്യാറാക്കും. നിലവിലെ നിയമപ്രകാരം സമുദ്ര തീരത്തുനിന്ന് 200 മീറ്റര്‍ അകലത്തില്‍ മാത്രമേ വീടുവയ്ക്കാന്‍ കഴിയൂ. മറ്റ് സംസ്ഥാനങ്ങള്‍ തീര സംരക്ഷണം സംബന്ധിച്ച് കര്‍മ പദ്ധതി തയാറാക്കിയതിനാല്‍ വീടു വയ്ക്കുന്നതിന് ഇളവ് അനുവദിക്കുന്നുണ്ട്. കടലില്‍ നിന്ന് 50 മീറ്റര്‍വരെ അകലത്തില്‍ മാറ്റി പാര്‍പ്പിക്കാന്‍ 10 ലക്ഷം രൂപവീതം സര്‍ക്കാര്‍ അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തില്‍ മല്‍സ്യബന്ധന യാനങ്ങള്‍ നഷ്ടമായ ഉടമകള്‍ക്ക് നഷ്ടപരിഹാരം പ്രത്യേകമായി നല്‍കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ദുരന്തത്തിനിരയായ മല്‍്യത്തൊഴിലാളികള്‍ക്ക് ശാക്തീകരണത്തിന്റെ ഭാഗമായി പ്രത്യേക ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it