malappuram local

ഓഖി ചുഴലിക്കാറ്റ്: കടലാക്രമണത്തില്‍ ഒന്നരക്കോടിയുടെ നഷ്ടം

പൊന്നാനി: ഓഖിചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍  പൊന്നാനി താലൂക്കില്‍ നേരിട്ടത്   ഒന്നരക്കോടിയോളം രൂപയുടെ നാശനഷ്ടം. നാലു ദിവസങ്ങളിലായി ഓഖി ചുഴലിക്കാറ്റിലും കടലാക്രമണത്തിലുമാണ്  വന്‍നാശനഷ്ടമുണ്ടായത്. റവന്യൂ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഒന്നരക്കോടിയിലേറെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. കടലാക്രമണത്തില്‍ പൊന്നാനി താലൂക്കില്‍ പതിനെട്ട് വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്.  പൊന്നാനി നഗരസഭയില്‍ പതിനൊന്നും, പെരുമ്പടപ്പ് പഞ്ചായത്തില്‍ മൂന്നും, വെളിയങ്കോട് പഞ്ചായത്തില്‍ നാലും വീടുകളാണ് തകര്‍ന്നത്. താലൂക്കില്‍ 95 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 105 വീടുകള്‍ വെള്ളം കയറി നശിക്കുകയും ചെയ്തു. ഇത്രയും നാശനഷ്ടമുണ്ടായതിന് 90 ലക്ഷം രൂപയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കടല്‍ത്തിരമാലയില്‍ തകര്‍ന്ന ലൈറ്റ് ഹൗസിന്റെ ചുറ്റുമതിലിനുള്ള നാശ നഷ്ടമായി 25 ലക്ഷം രൂപയും കണക്കാക്കുന്നു. കൂടാതെ ലൈറ്റ് ഹൗസ് ഹാര്‍ബര്‍ റോഡ് പൂര്‍ണ്ണമായും കടലെടുത്തിരുന്നു. ഇതിന് പതിനഞ്ചര ലക്ഷം രൂപയാണ് നാശ നഷ്ടമായി കണക്കാക്കിയത്. ഓഖിയെത്തുടര്‍ന്ന് കൃഷി നാശമുണ്ടായതില്‍ മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ നാശനഷ്ടമുണ്ട്.  അടിയന്തിര ദുരിതാശ്വാസ പ്രവൃത്തികള്‍ക്കായി പൊന്നാനി നഗരസഭ ഇതിനകം നാല് ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.  കണക്കെടുപ്പ് വിവരങ്ങള്‍ ഇതുവരെ പൂര്‍ണ്ണമാകാത്തതിനാല്‍ നാശനഷ്ടം ഇനിയും ഉയര്‍ന്നേക്കും. അനൗദ്യോഗിക കണക്ക് പ്രകാരം ഇരുപത്തി അഞ്ചിലേറെ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. നുറിലധികം വീടുകള്‍  ഭാഗികമായി തകര്‍ന്നിട്ടുണ്ട്.   ഈ കണക്കുകള്‍ പ്രകാരം രണ്ടു കോടി രൂപയ്ക്ക് മുകളിലാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്.
Next Story

RELATED STORIES

Share it