ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട യുവാവിന്റെമൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: അഴിത്തലയില്‍ നിന്നു മല്‍സ്യബന്ധനത്തിനു പോയി ഓഖി ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് ബോട്ട് തകര്‍ന്നു കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളി കാഞ്ഞങ്ങാട് പുതിയവളപ്പിലെ സുനില്‍കുമാറി (40) ന്റെ മൃതദേഹം കണ്ടെത്തി. കടല്‍ അല്‍പം ശാന്തമായതിനെ തുടര്‍ന്ന് പുറംകടലില്‍ ചൂണ്ടയിടാന്‍ പോയ മല്‍സ്യത്തൊഴിലാളികളാണ് ഇന്നലെ വൈകീട്ട് 5.45ഓടെ അഴിത്തല കടപ്പുറത്ത് നിന്നു സുനിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പുറംകടലില്‍ ഒഴുകിനടക്കുകയായിരുന്നുവെന്നു മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. വിവരമറിഞ്ഞു കോസ്റ്റ് ഗാര്‍ഡിന്റെ റെസ്‌ക്യൂ ബോട്ടില്‍ ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിച്ചേര്‍ന്നു ഏറ്റുവാങ്ങി വൈകീട്ട് ഏഴോടെ കരയ്‌ക്കെത്തിക്കുകയായിരുന്നു. നാവികസേനയുടെ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള തിരച്ചില്‍ സംവിധാനങ്ങള്‍ ഇന്നലെ വൈകീട്ട് വരെയും എത്താത്തതില്‍ തീരദേശവാസികള്‍ അങ്ങേയറ്റം രോഷാകുലരായി. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ശക്തമായ തിരമാലകളില്‍പെട്ട മല്‍സ്യത്തൊഴിലാളി സുനില്‍ കുമാറിനെ വെള്ളിയാഴ്ചയോടെയാണ് നീലേശ്വരം അഴിത്തലയില്‍ കടലില്‍ കാണാതായത്. സുനില്‍കുമാറിനെ കണ്ടെത്താന്‍ തീരദേശ പോലിസിന്റെയും ഫിഷറീസ് വകുപ്പിന്റെയും ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും മാത്രമാണ് തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്. പോലിസും അഗ്നിശമന സേനയും തിരച്ചിലിനു സഹായങ്ങള്‍ നല്‍കി. പിതാവ്: വിജയന്‍. മാതാവ്: ലീല. ഭാര്യ: രുഗ്മിണി മഞ്ചേശ്വരം. ആറുമാസം പ്രായമുള്ള മകനുണ്ട്. സഹോദരന്‍: പ്രശാന്ത്.
Next Story

RELATED STORIES

Share it